Thursday, May 16, 2024
keralaNews

ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം; തട്ടുകടകള്‍ തുറക്കരുത്; വാഹന വര്‍ക്ഷോപ് ആഴ്ചയുടെ അവസാനം 2 ദിവസം.

ജില്ലവിട്ടു യാത്ര ചെയ്യുന്നതിനു നിയന്ത്രണം. വിവാഹം, മരണം, രോഗിയെ സന്ദര്‍ശിക്കല്‍, രോഗിയെ ഒരിടത്തുനിന്നും മറ്റൊരിടത്തേക്കു കൊണ്ടുപോകല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കേ ജില്ല വിട്ട് യാത്ര അനുവദിക്കൂ. വിവാഹത്തിനു കാര്‍മികത്വം വഹിക്കുന്നവര്‍ക്കു യാത്രയ്ക്കു തടസമില്ല. തിരിച്ചറിയല്‍ കാര്‍ഡും വിവാഹ കത്തും കയ്യില്‍ കരുതണം.എന്നാല്‍ ജില്ല കടന്നുള്ള യാത്രകള്‍ക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കഴിഞ്ഞ ലോക്ഡൗണ്‍ സമയത്ത് ഇറക്കിയ പാസിന്റെ മാതൃക ഇത്തവണയും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. അവര്‍ക്കെതിരെ കേസെടുക്കും. അന്തര്‍ജില്ലാ യാത്ര പരമാവധി ഒഴിവാക്കണം. യാത്ര ചെയ്യുന്നവര്‍ സത്യവാങ്മൂലം കരുതണം.

അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തു പോകുന്നവര്‍ പൊലീസില്‍നിന്ന് പാസ് വാങ്ങണം. കേരളത്തിനു പുറത്തുനിന്ന് വരുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിര്‍ബന്ധമായും റജിസ്റ്റര്‍ ചെയ്യണം. അങ്ങനെ ചെയ്തില്ലെങ്കില്‍ സ്വന്തം ചെലവില്‍ 14 ദിവസം ക്വാറന്റീനില്‍ കഴിയണം. ലോക്ഡൗണ്‍ സമയത്ത് തട്ടുകടകള്‍ തുറക്കരുത്. വാഹന വര്‍ക്ഷോപ് ആഴ്ചയുടെ അവസാനം 2 ദിവസം തുറക്കാം. ഹാര്‍ബറില്‍ ആള്‍ക്കൂട്ടമുണ്ടാക്കുന്ന ലേലം ഒഴിവാക്കണം.ബാങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസം പ്രവര്‍ത്തിക്കണം. പള്‍സ് ഓക്‌സീമീറ്ററുകള്‍ക്ക് വലിയ ചാര്‍ജ് ഈടാക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കും. അതിഥി തൊഴിലാളികള്‍ക്കു നിര്‍മാണം നടക്കുന്ന സ്ഥലത്ത് താമസസൗകര്യവും ഭക്ഷണവും കരാറുകാരനോ ഉടമസ്ഥനോ നല്‍കണം. അല്ലെങ്കില്‍ യാത്രാസൗകര്യം ഒരുക്കണം. ചിട്ടിപ്പണം പിരിക്കാന്‍ വീടുകള്‍ സന്ദര്‍ശിക്കരുത്.

ഭക്ഷണം കഴിക്കല്‍, ടിവി കാണല്‍, പ്രാര്‍ഥന നടത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ വീട്ടിനുള്ളിലും കൂട്ടമായി ചെയ്യരുത്. അയല്‍പക്കവുമായി ബന്ധപ്പെടുമ്പോള്‍ ഇരട്ട മാസ്‌ക് നിര്‍ബന്ധമാക്കണം. അയല്‍പക്കത്തുനിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ സോപ്പിട്ട് കൈ കഴുകണം.പുറത്തുപോകുന്നവര്‍ കുട്ടികളുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം. വായു സഞ്ചാരം ഉറപ്പിക്കാന്‍ വീടിന്റെ ജനല്‍ തുറന്നിടണം. ജീവന്‍രക്ഷാ മരുന്നുകള്‍ എത്തിക്കാന്‍ ഹൈവേ പൊലീസിനെ ചുമതലപ്പെടുത്തി. വ്യാജ സന്ദേശങ്ങള്‍ തയാറാക്കുന്നവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.