Monday, April 29, 2024
keralaNews

ചെറുനാരങ്ങാ വില ഉയരുന്നു.

കൊടുംചൂടില്‍ ചെറുനാരങ്ങാ വില ഉയരുന്നു. ഒരു കിലോഗ്രാമിന് 120 രൂപയാണ് ചെറുനാരങ്ങയുടെ ചില്ലറ വില. ചിലയിടങ്ങളില്‍ ഒന്നരക്കിലോ ചെറുനാരങ്ങ 200 രൂപ എന്ന നിരക്കിലാണ് വില്‍പന. ഒരു മാസം മുന്‍പ് കിലോഗ്രാമിന് 50 – 60 രൂപയായിരുന്നു വില. ബേക്കറികള്‍, ജ്യൂസ് കടകള്‍ തുടങ്ങിയവര്‍ക്ക് വിലവര്‍ധന തിരിച്ചടിയാണ്.ചൂടു കൂടിയതോടെ, നാരങ്ങയുടെ ഉപയോഗം കൂടിയതും ലഭ്യത കുറഞ്ഞതുമാണ് വിലവര്‍ധനയ്ക്ക് കാരണമായി വ്യാപാരികള്‍ പറയുന്നത്. വേനലില്‍ പൊതുവേ ചെറുനാരങ്ങയുടെ വില വര്‍ധിക്കാറുണ്ടെങ്കിലും ഇത്തവണ പതിവിലും നേരത്തേ വില കുതിച്ചുയരുന്ന കാഴ്ചയാണ്.കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വില കിലോഗ്രാമിന് 200 രൂപ കടന്നിരുന്നു.ഇതെത്തുടര്‍ന്നു ബേക്കറികളില്‍ നാരങ്ങാവെള്ളം, സോഡാ നാരങ്ങാവെള്ളം എന്നിവയുടെ വില കൂട്ടി. മിക്ക ബേക്കറികളിലും 20 രൂപയാണ് സോഡാനാരങ്ങാ വെള്ളത്തിന് ഈടാക്കുന്നത്. നാരങ്ങാ വെള്ളത്തിന് 12-15 രൂപയും. ചെറുനാരങ്ങ വില ഇനിയും ഉയര്‍ന്നാല്‍ ഇത്തരം പാനീയങ്ങളുടെ വില്‍പന പ്രതിസന്ധിയിലാകുമെന്നു വ്യാപാരികള്‍ പറയുന്നു.