Wednesday, May 15, 2024
indiaNews

ചെന്നൈ വിമാനത്താവളത്തില്‍ നൂറുകോടിയുടെ മയക്കുമരുന്ന് വേട്ട; രണ്ടുപേര്‍ പിടിയില്‍

ചെന്നൈ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നൂറുകോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 15.6 കിലോ ഹെറോയ്‌നുമായാണ് സ്ത്രീയടക്കം രണ്ടുപേര്‍ പിടിയിലായത്. ടാന്‍സാനിയ സ്വദേശികളാണ് ഇവര്‍. വെള്ളിയാഴ്ച ജോഹന്നാസ്ബര്‍ഗില്‍നിന്ന് ദോഹ വഴി ചെന്നൈയില്‍ വിമാനത്തിലെത്തിയതാണ് ഇവര്‍. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍പിടിയിലായതെന്ന് ചെന്നൈ എയര്‍ കസ്റ്റംസ് കമ്മിഷണര്‍ രാജന്‍ ചൗധരി പറഞ്ഞു.

ഡെബോറ ഏലിയ (46), ഫെലിക്‌സ് ഒബാഡിയ (45) എന്നിവരാണ് പിടിയിലായത്. പെട്ടിക്കുള്ളിലെ രഹസ്യ അറയില്‍ ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ബംഗളൂരുവിലെ ഒരു സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സക്കായി വന്നതാണെന്നാണ് ഡെബോറ ചോദ്യം ചെയ്യലില്‍ സമ്മതിച്ചത്. സഹായിയാട്ടാണ് ഫെലിക്‌സ് എത്തിയത്. ബംഗളൂരുവിലേക്ക് നേരിട്ട് വിമാനം ലഭിക്കാത്തതിനാല്‍ ദോഹയില്‍ നിന്ന് ഖത്തര്‍ എയര്‍വേയ്‌സ് 528 വിമാനത്തില്‍ ചെന്നൈയിലേക്ക് വരികയായിരുന്നു.
മലയാളിയായ അസി. കസ്റ്റംസ് കമ്മിഷണര്‍ എന്‍. അജിത് കുമാര്‍, സൂപ്രണ്ട് വി. വേണുഗോപാലന്‍ എന്നിവരുടെ നേതൃത്വത്തില്‍ എയര്‍കസ്റ്റംസ് ഇന്റലിജന്‍സിന്റെ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.