Saturday, May 11, 2024
indiaNews

ചന്ദ്രയാന്‍-3 വിക്ഷേപണം ജൂലൈ 14 ന്

തിരുവനന്തപുരം: ചന്ദ്രയാന്‍ മൂന്ന് വിക്ഷേപണം ജൂലൈ 14-ലേക്ക് മാറ്റിയതായി ഐഎസ്ആര്‍ഒ അറിയിച്ചു. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ കൂടുതല്‍ പ്രകാശമുള്ളപ്പോള്‍ എത്തുന്നതിന് വേണ്ടിയാണ് വിക്ഷേപണം ഒരു ദിവസം കൂടി മാറ്റിയത്. ജൂലൈ 13-ന് വിക്ഷേപിക്കാനായിരുന്നു മുന്‍പ് തീരുമാനിച്ചിരുന്നത്. ജൂലൈ 14-ന് ഉച്ചയ്ക്ക് 2.35-നാണ് വിക്ഷേപണം നടത്തുക. റോക്കറ്റും അതില്‍ ഘടിപ്പിച്ചിട്ടുള്ള പേടകത്തിലെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളും അതിലെ ലാന്‍ഡറും ലാന്‍ഡറിനുള്ളിലെ റോവറും ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ സ്പെയ്സ് പോര്‍ട്ടിലേക്ക് മാറ്റിയിരുന്നു. ജൂലൈ 12-19 വരെയാണ് വിക്ഷേപണ വിന്‍ഡോ ആയി നിശ്ചയിച്ചിരിക്കുന്നത്. പേടകം ചന്ദ്രനില്‍ എത്തുന്ന സമയം കൂടി കണക്കിലെടുത്തതിന് ശേഷമാണ് വിക്ഷേപണ ദിവസം തീരുമാനിച്ചിരിക്കുന്നത്. ഭൂമിയിലെ 15 ദിവസമാണ് ചന്ദ്രനിലെ ഒരു പകലായി കണക്കാക്കപ്പെടുന്നത്. പകല്‍ സമയത്ത് ചന്ദ്രനില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ ഇത് പഠനങ്ങളെ സാരമായി ബാധിച്ചേക്കാം. ഇതിനാലാണ് സമയം കൂടി കണക്കിലെടുത്ത് വിക്ഷേപണം സജ്ജമാക്കുന്നത്. നിലവില്‍ തീരുമാനിച്ചിരിക്കുന്ന ജൂലൈ 14-ന് പുറപ്പെടുകയാണെങ്കില്‍ ആഗസ്റ്റ് 24-ന് ഉച്ചയോടെ ചന്ദ്രനില്‍ എത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.