Monday, April 29, 2024
keralaLocal NewsNews

ചതയ ദിനാഘോഷം;എരുമേലിയില്‍ വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യും

എരുമേലി :ശ്രീനാരായണ ഗുരുദേവന്റെ 168 മത് ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എസ്എന്‍ഡിപി യോഗത്തിന്റേയും,വിവിധ ശാഖ യോഗങ്ങളുടെയും നേതൃത്വത്തില്‍ എരുമേലിയില്‍ ചതയ ദിനാഘോഷം നടക്കും.സെപ്റ്റംബര്‍ 10 ശനിയാഴ്ച നടക്കുന്ന ചതയ ദിനാഘോഷം എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് എരുമേലി യൂണിയന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.ആചാരാനുഷ്ഠാനങ്ങളുടെ സംഗമ ഭൂമിയായ എരുമേലിയെ പീതവര്‍ണ്ണമയമാക്കാന്‍ 24 ശാഖ യോഗങ്ങള്‍,യൂത്ത് മൂവ്‌മെന്റ്,വനിതാ സംഘം,വൈദിക യോഗം,സൈബര്‍ സേന,എംപ്ലോയീസ് ഫോറം,ധര്‍മ്മ സേന തുടങ്ങിയ പോഷക സംഘടനകളുടേയും നേതൃത്വത്തില്‍ നടക്കുന്ന ഘോഷയാത്രയില്‍ 5000 ത്തോളം പേര്‍ പങ്കെടുക്കുമെന്നും പ്രതിനിധികള്‍ പറഞ്ഞു.
പത്തിന് ഉച്ചയ്ക്ക് ഒരു മണിക്ക് ശബരി ഓഡിറ്റോറിയം അങ്കണത്തില്‍ നിന്നും ആരംഭിക്കുന്ന മഹാഘോഷയാത്ര എരുമേലി പേട്ട കവല,പ്രൈവറ്റ് ബസ്റ്റാന്‍ഡ് വഴി തിരിച്ച് ദേവസ്വം ബോര്‍ഡ് ക്ഷേത്രാങ്കണത്തില്‍ സമാപിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ്എന്‍ഡിപി എരുമേലി യൂണിയന്‍ ചെയര്‍മാന്‍ എം. ആര്‍ ഉല്ലാസ് അധ്യക്ഷത വഹിക്കും.യൂണിയന്‍ വൈസ് ചെയര്‍മാന്‍ കെ ബി ഷാജി മുഖ്യപ്രഭാഷണം നടത്തും.യൂണിയന്‍ കണ്‍വീനര്‍ എം.വി അജിത് കുമാര്‍ , യൂണിയന്‍ ജോ. കണ്‍വീനര്‍ ജി. വിനോദ്, വിവിധ യൂണിയന്‍,ശാഖ ഭാരവാഹികള്‍ സംസാരിക്കും.

ചതയ ദിനാഘോഷങ്ങളുടെ ഭാഗമായി 3,4 തീയതികളില്‍ കുളത്തൂര്‍ ശാഖയില്‍ നിന്നും വിളംബര ജാഥ ആരംഭിക്കും.ആഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് മികവ് പുലര്‍ത്തിയ കുട്ടികളെയും,യോഗയില്‍ കേന്ദ്ര – സംസ്ഥാന ഒളിമ്പ്യാഡില്‍ സ്വര്‍ണമെഡല്‍ ലഭിച്ച വെണ്‍കുറിഞ്ഞി എസ്എന്‍ഡിപി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായ രേവതി രാജേഷ് എന്നിവരെയും ചടങ്ങില്‍ ആദരിക്കും.യൂണിയനില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച 10 സ്വാശ്രയ സംഘങ്ങള്‍ക്ക് ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെ മൈക്രോ ധനസഹായവും നല്‍കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ എം.വി അജിത് കുമാര്‍,വൈസ് ചെയര്‍മാന്‍ കെ ബി ഷാജി,ജോയിന്റ് കണ്‍വീനര്‍ സന്തോഷ് പാലമൂട്ടില്‍, യൂണിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് അംഗം പിജി വിശ്വനാഥന്‍, കെ.എ രവികുമാര്‍,
ജോ. കണ്‍വീനര്‍ ജി. വിനോദ് എന്നിവര്‍ പങ്കെടുത്തു.