Tuesday, May 14, 2024
keralaNewsObituary

ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു 79 വയസായിരുന്നു

തിരുവനന്തപുരം: ഗാനരചയിതാവ് ബിച്ചുതിരുമല അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 1942 ഫെബ്രുവരി 13 ന് ശാസ്തമംഗലം പട്ടാണിക്കുന്നു വീട്ടില്‍ പാറുക്കുട്ടിയമ്മയുടെയും സി.ജെ ഭാസ്‌ക്കരന്‍ നായരുടെയും മൂത്ത മകനായിട്ടായിരുന്നു ബിച്ചു തിരുമലയുടെ ജനനം. യഥാര്‍ത്ഥ പേര് ബി ശിവശങ്കരന്‍നായര്‍. 1962ല്‍ അന്തര്‍സര്‍വ്വകലാശാല റേഡിയോ നാടക മത്സരത്തില്‍ ബല്ലാത്ത ദുനിയാവ് എന്ന നാടകമെഴുതി അഭിനയിച്ചു ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടായിരുന്നു ബിച്ചു വരവറിയിച്ചത്. എം കൃഷ്ണന്‍ നായരുടെ സംവിധാന സഹായിയായി പ്രവര്‍ത്തിക്കവേ സിനിമയില്‍ ഗാനമെഴുതാന്‍ അവസരം ലഭിച്ചു.ബിച്ചു തിരുമല എഴുതിയ പാട്ടുകളെല്ലാം മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സൂപ്പര്‍ ഹിറ്റ് ഗാനങ്ങളാണ്. ഒട്ടുമിക്ക സംഗീത സംവിധായകര്‍ക്കുമൊപ്പം പ്രവര്‍ത്തിച്ച ബിച്ചു തിരുമല 70 ലും 80 ലും തീര്‍ത്തത് പാട്ടുകളുടെ പുതുവസന്തം. മൂവായിരത്തോളം സിനിമാപാട്ടുകളാണ് ഒരുക്കിയത്. ഒപ്പം സൂപ്പര്‍ഹിറ്റായ ലളിതഗാനങ്ങള്‍ വേറെയും. രണ്ട് തവണ സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു. 1981-ലും 1991-ലുമായിരുന്നു മികച്ച ഗാനരചനയിതാവിനുളള സംസ്ഥാന അവാര്‍ഡ്, 1990ല്‍ ആദ്യ കവിതാസമാഹാരമായ അനുസരണയില്ലാത്ത മനസ്സിന് വാമദേവന്‍ പുരസ്‌ക്കാരം ലഭിച്ചു. പിന്നണിഗായിക സുശീലദേവിയും സംഗീത സംവിധായകന്‍ ദര്‍ശന്‍ രാമനും സഹോദരങ്ങളാണ്. ഭാര്യ പ്രസന്ന, ഏക മകന്‍ സുമന്‍.