Monday, April 29, 2024
keralaNews

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പച്ചക്കറികള്‍ വിവിധ ജില്ലകളിലെത്തി

വിലക്കയറ്റം നിയന്ത്രിക്കാനായി ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കൃഷിവകുപ്പ് നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തി തുടങ്ങി. വിപണി വിലയേക്കാള്‍ 10 മുതല്‍ 40 രൂപ വരെ കുറച്ച് ഹോര്‍ടികോര്‍പ്പും VFPCKയും വഴി വില്‍ക്കും. വില നിയന്ത്രണ വിധേയമാകും വരെ ലോഡുകളെത്തിക്കുമെന്നും ഹോര്‍ട്ടികോര്‍പ്പിന് സാമ്പത്തിക സഹായം നല്‍കുമെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു.

തക്കാളി വിലയാണ് റോക്കറ്റ് പോലെ കുതിക്കുന്നത്. അറുപതില്‍ നിന്ന് തുടങ്ങി 120വും പിന്നിട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ ആദ്യ ലോഡില്‍ തക്കാളിയായിരുന്നു കൂടുതല്‍. വിപണ വിലയേക്കാള്‍ 40 രൂപ കുറച്ച് 80 രൂപയ്ക്ക് വില്‍ക്കാനാണ് തീരുമാനം. സവാളയില്‍ 15 രൂപയും വെണ്ടയ്ക്കായില്‍ 27 രൂപയും ബീന്‍സില്‍ 25 രൂപയും കുറയും. മറ്റുള്ളവയിലും ഇതേ നിരക്കില്‍ കുറച്ച് വില്‍ക്കാനാണ് ഹോര്‍ടികോര്‍പ്പിന്റെയും വി.എഫ്.പി.സി.കെയുടെയും തീരുമാനം.

തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ കര്‍ഷക സംഘങ്ങളില്‍ നിന്ന് കൃഷിവകുപ്പ് പച്ചക്കറികള്‍ നേരിട്ട് വാങ്ങുകയാണ്. കൃഷിവകുപ്പിന്റെ വിവിധ ഏജന്‍സികള്‍ വഴി വിറ്റഴിക്കും. തിരുവനന്തപുരത്തും കോഴിക്കോടുമാണ് ആദ്യം ലോഡുകളെത്തിയത്. വരും ദിവസങ്ങളില്‍ എല്ലാ ജില്ലയിലുമെത്തും. ഇങ്ങിനെ കൃഷിവകുപ്പിന്റെ സ്ഥാപനങ്ങളില്‍ വിലകുറച്ച് വില്‍ക്കുമ്പോള്‍ പൊതുവിപണിയിലും കുറയുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.