Monday, May 6, 2024
indiaNews

ക്ഷേത്രത്തില്‍ മോഷണം ഒരു കോടി രൂപയുടെ തിരുവാഭരണം കവര്‍ന്നു

ചെന്നൈ : രാമനാഥപുരം ജില്ലയിലെ തിരുപ്പുല്ലാനി ആദിജഗനാഥ പെരുമാള്‍ ക്ഷേത്രത്തിലെ ഒരു കോടി രൂപ വിലമതിക്കുന്ന തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിലെ ദേവതകള്‍ക്ക് ഉത്സവവേളകളില്‍ അണിയിക്കുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ ക്ഷേത്രത്തിലെ സുരക്ഷിത നിലവറയിലും രാമനാഥപുരം കൊട്ടാരത്തിലെ ട്രസ്റ്റി നിലവറയിലുമാണ് സൂക്ഷിച്ചിരുന്നത്. ഈ നിലവറയും അതിന്റെ താക്കോലും ശ്രീനിവാസന്‍ എന്ന സ്ഥാനികനാണ് സൂക്ഷിച്ചിരുന്നത്. നിലവറയുടെ താക്കോല്‍ സാധാരണയായി ക്ഷേത്ര പാരമ്പര്യ പ്രതിനിധിയുടെ കൈവശമാണ് സൂക്ഷിക്കുക എന്നതായിരുന്നു ഇവിടുത്തെ കീഴ്‌വഴക്കം.കഴിഞ്ഞ വര്‍ഷം നവംബറില്‍ രാമനാഥപുരം ദേവസ്ഥാനം ദിവാനും എക്സിക്യൂട്ടീവ് സെക്രട്ടറിയുമായ പളനിവേല്‍പാണ്ഡ്യന്‍ ആഭരണങ്ങള്‍ പരിശോധിച്ചിരുന്നു. അപ്പോഴാണ് രേഖയിലെ ചില സ്വര്‍ണാഭരണങ്ങള്‍ നിലവറയിലില്ലെന്ന് അറിയുന്നത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ നിരവധി ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. ഈ വിവരം താക്കോല്‍ സൂക്ഷിപ്പുകാരനായ ശ്രീനിവാസന്‍ എന്ന സ്ഥാനികനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് പറയപ്പെടുന്നു. തുടര്‍ന്ന് ശ്രീനിവാസനെ ചോദ്യം ചെയ്യുകയും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. 30 ഇനം സ്വര്‍ണാഭരണങ്ങളും 16 വെള്ളി ആഭരണങ്ങളും ഒരു കോടി രൂപയോളം നഷ്ടപ്പെട്ടതായി രാമനാഥപുരം ജില്ലാ എസ്പി ജി.സന്ദീഷിന് പളനിവേല്‍ പാണ്ഡ്യന്‍ പരാതി നല്‍കി. ഉത്സവകാലത്തും സാധാരണ ദിവസങ്ങളിലും ഇവിടെയുള്ള മൂര്‍ത്തികള്‍ക്ക് സ്വര്‍ണ്ണം, വെള്ളി, മുത്തുകള്‍, പവിഴം എന്നിവകൊണ്ടുള്ള ആഭരണങ്ങള്‍ അണിയുന്നത് പതിവാണ്. ചിരപുരാതനമായ ഈ തിരുവാഭരണങ്ങള്‍ കോടിക്കണക്കിന് രൂപ വിലമതിക്കുന്നവയാണ്. രാമനാഥപുരം സമസ്ഥാന ദേവസ്ഥാനത്തിന്റെ ഭരണത്തിന്‍ കീഴിലുള്ള ഈ ക്ഷേത്രം 108 വൈഷ്ണവ ദിവ്യദേശങ്ങളില്‍ 44-ാമത്തെയാണ്. ഈ ക്ഷേത്രത്തില്‍ നിലവറയിലെ ആഭരണങ്ങള്‍ എണ്ണി തിട്ടപ്പെടുത്തിയപ്പോള്‍ 952 ഗ്രാം സ്വര്‍ണാഭരണങ്ങളും 2400 ഗ്രാം വെള്ളിയാഭരണങ്ങളുമാണ് ലഭിച്ചത്. ജില്ലാ ക്രൈംബ്രാഞ്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.