Friday, May 17, 2024
keralaNews

കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്കു ചികില്‍സയ്ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍.

മൂന്നാം തരംഗത്തിന്റെ ആശങ്കകളും അഭ്യൂഹങ്ങളും പടരുന്നതിനിടെ കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്കു ചികില്‍സയ്ക്കായുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത് സര്‍വീസസ് (ഡിജിഎച്ച്എസ്) പുറത്തിറക്കി. മുതിര്‍ന്നവര്‍ക്കു നല്‍കുന്ന ആന്റിവൈറല്‍ മരുന്നായ റെംഡിസിവിര്‍ കുട്ടികള്‍ക്ക് നല്‍കരുത്, ഗുരുതരമായി രോഗം ബാധിച്ച കുട്ടികളില്‍ മാത്രമേ സ്റ്റിറോയ്ഡ് ഉപയോഗിക്കാന്‍ പാടുള്ളൂ തുടങ്ങിയ നിര്‍ദേശങ്ങളും ഡിജിഎച്ച്എസ് നല്‍കുന്നു.റെംഡിസിവിറിന്റെ ഉപയോഗം കുട്ടികള്‍ക്ക് ശുപാര്‍ശ ചെയ്യുന്നില്ല. 18 വയസ്സിനു താഴെ പ്രായമുള്ളവരിലെ മരുന്നുപയോഗത്തിന് ആവശ്യമായ സുരക്ഷയും ഫലപ്രാപ്തിയും ഉറപ്പു നല്‍കാനാകാത്തതിനാലാണിത്. ‘കാര്‍ഡിയോ പള്‍മനറി എക്‌സര്‍സൈസ് ടോളറന്‍സ്’ കണ്ടെത്തുന്നതിനായുള്ള ആറു മിനിറ്റ് നടന്നുള്ള പരിശോധന 12 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്കു നടത്താവുന്നതാണ്. പള്‍സ് ഓക്‌സിമീറ്റര്‍ കുട്ടിയുടെ വിരലില്‍ ഘടിപ്പിച്ചതിനുശേഷം ആറു മിനിറ്റ് തുടര്‍ച്ചയായി മുറിയില്‍ കൂടി നടക്കുക. ആറുമിനിറ്റ് നടപ്പിനുശേഷം അല്ലെങ്കില്‍ അതിനിടയില്‍ സാച്ചുറേഷന്‍ 94 ശതമാനത്തിലും താഴെപ്പോയാല്‍ അല്ലെങ്കില്‍ 35 ശതമാനത്തിലേക്ക് ഉടനടി താഴെപ്പോയാല്‍ അല്ലെങ്കില്‍ സുഖമില്ലാതെ ആയാല്‍ (തലകറക്കം, ശ്വാസംമുട്ടല്‍) പോസിറ്റീവ് ടെസ്റ്റ് നടത്തും. ഇത്തരത്തില്‍ ടെസ്റ്റ് വിജയിക്കാനായില്ലെങ്കില്‍ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റണം നിര്‍ദേശങ്ങളില്‍ പറയുന്നു.

അനിയന്ത്രിതമായ ആസ്മ രോഗികള്‍ക്ക് ഈ പരിശോധന ശുപാര്‍ശ ചെയ്യുന്നില്ല. ഗുരുതരമായ കോവിഡ് രോഗികളെ ഉടന്‍ തന്നെ ഓക്‌സിജന്‍ തെറപ്പി തുടങ്ങണം, ഫ്‌ലൂയിഡ്, ഇലക്ട്രോബൈറ്റ് ബാലന്‍സ് പാലിക്കണം. തുടര്‍ന്ന് കോര്‍ട്ടികോസ്റ്റിറോയ്ഡ്‌സ് തെറാപ്പിയും തുടങ്ങണം. ലക്ഷണങ്ങളില്ലാത്തതും കുറഞ്ഞ ലക്ഷണങ്ങളോടെയുള്ള കോവിഡ് കേസുകളിലും സ്റ്റിറോയ്ഡ് ഹാനികരമായതിനാല്‍, അവ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്ന മിതമായി ഗുരുതരമായിരിക്കുന്ന അല്ലെങ്കില്‍ അതീവ ഗുരുതരമായിരിക്കുന്ന കോവിഡ് രോഗികള്‍ക്ക് ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ഉപയോഗിക്കാം.കൃത്യമായ സമയത്ത്, കൃത്യമായ അളവില്‍, കൃത്യമായ ഇടവേളകളിലാണ് സ്റ്റിറോയ്ഡുകള്‍ ഉപയോഗിക്കേണ്ടത് ആരോഗ്യ മന്ത്രാലയം പറയുന്നു. സ്റ്റിറോയ്ഡുകള്‍ കൃത്യമായി ഉപയോഗിക്കാത്തതാണ് മ്യൂകോര്‍മൈകോസിസ് (ബ്ലാക്ക് ഫംഗസ്) പടരുന്നതിനു കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം, അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികള്‍ മാസ്‌ക് ധരിക്കണമെന്നില്ല. എന്നാല്‍ ആറിനും 11നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ രക്ഷിതാക്കളുടെ മേല്‍നോട്ടത്തില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. കോവിഡ് ബാധിതരായ കുട്ടികള്‍ക്ക് സിടി സ്‌കാന്‍ നിര്‍ദേശിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകണം. ബ്ലാക്ക് ഫംഗസ് രോഗികളിലെ മരണനിരക്ക് കുറയ്ക്കുന്നതിനായി കള്‍ച്ചര്‍ ഫലങ്ങള്‍ക്കു കാത്തിരിക്കാതെ ചികില്‍സ തുടങ്ങണമെന്നും ഡിജിഎച്ച്എസിന്റെ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നു.