Friday, May 3, 2024
keralaNews

കോവിഡാനന്തരം ആരോഗ്യപ്രശ്‌നങ്ങള്‍ ഗുരുതരം; 15കാരന് കാഴ്ച ഭാഗികമായി നഷ്ടമായി

പ്രതിദിനം കോവിഡ് രോഗികള്‍ പെരുകുന്ന കേരളത്തില്‍ കോവിഡാനന്തരം ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണവും കുതിക്കുന്നു. പെരുമ്ബാവൂര്‍ സ്വദേശിയായ പതിനഞ്ചുകാരന് കാഴ്ച ശക്തി ഭാഗികമായി നഷ്ടമായി. പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കണം എന്നതിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

നവംബര്‍ ഇരുപതിന് കോവിഡ് നെഗറ്റീവായി കൃത്യം ഒരു മാസത്തിനുളളില്‍ ഡീനില്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങളുമെത്തി. പനിയോടെയെത്തിയ പോസ്റ്റ് കോവിഡ് സിന്‍ഡ്രോം കാഴ്ച ഞരമ്ബുകളേയും ബാധിച്ചു. കൃത്യസമയത്ത് ചികിത്സ തുടങ്ങിയതിനാല്‍ കാഴ്ച ശക്തി ഭാഗികമായി മാത്രമേ നഷ്ടമായുള്ളൂ.

കോട്ടയം മെഡിക്കല്‍ കോളജിലാണ് ഇപ്പോള്‍ ചികിത്സ. തുടര്‍ചികിത്സയിലൂടെ കാഴ്ച തിരിച്ചുപിടിക്കാനാകുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കുന്നു. പക്ഷേ മാര്‍ച്ചില്‍ ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷ ഈ അവസ്ഥയില്‍ എങ്ങനെ എഴുതുമെന്ന ആശങ്കയും ഡീനിനും മാതാപിതാക്കള്‍ക്കുമുണ്ട്.

കോവിഡിന് ശേഷം സങ്കീര്‍ണ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവരുടെ എണ്ണം പെരുകുമ്‌ബോള്‍ പോസ്റ്റ് കോവിഡ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനവും സംസ്ഥാനത്ത് കുറച്ച് കൂടി കാര്യക്ഷമമാക്കേണ്ടിയിരിക്കുന്നു.