Tuesday, April 30, 2024
keralaNewspolitics

കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ്.

കോണ്‍ഗ്രസ് ഭാരവാഹികളുടെ പ്രവര്‍ത്തനം കൃത്യമായി വിലയിരുത്തുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. നിശ്ചയിച്ച ടാര്‍ഗറ്റ് നേടാന്‍ കഴിയാത്തവര്‍ക്ക് തുടരാനാകില്ല. പാര്‍ട്ടി വേണമെങ്കില്‍ അച്ചടക്കം പാലിക്കാന്‍ എല്ലാവരും തയാറാകണം. നേതാക്കള്‍ ആവശ്യമില്ലാതെ ഫ്‌ളക്‌സ് ബോര്‍ഡ് വയ്ക്കാന്‍ പാടില്ലെന്നും കെ.സുധാകരന്‍ പറഞ്ഞു.അതേസമയം, കേരളത്തിലെ കോണ്‍ഗ്രസിനെ സെമി കേഡര്‍ പാര്‍ട്ടിയാക്കുന്നതിനായി പ്രവര്‍ത്തനത്തില്‍ അടിമുടി മാറ്റം നിര്‍ദേശിച്ച് മാര്‍ഗരേഖ. പാര്‍ട്ടി അനുമതിയില്ലാതെ നേതാക്കള്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുത്. വേദികളിലെ ആള്‍ക്കൂട്ടം ഒഴിവാക്കി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു.കോണ്‍ഗ്രസിനെ പഴയ കോണ്‍ഗ്രസ് അല്ലാതാക്കാനുള്ള ശ്രമകരമായ ദൗത്യത്തിന് തുടക്കം കുറിക്കുകയാണ് കെ.സുധാകരന്റെ നേതൃത്വത്തിലെ പുതിയ സംഘം. അതിനാണ് പ്രവര്‍ത്തകര്‍ മുതല്‍ നേതാക്കള്‍ വരെയുള്ളവര്‍ക്കായി മാര്‍ഗരേഖ. നിസാര കാര്യത്തിന് പോലും സ്വന്തം ഫോട്ടോ വച്ച് ഫ്‌ലക്‌സ് അടിച്ച് നാട് നീളെ പ്രദര്‍ശിപ്പിക്കുന്ന രീതി മാറ്റണം. ഫ്‌ളക്‌സ് വയ്ക്കാന്‍ പ്രാദേശിക നേതൃത്വത്തിന്റെ അനുമതി വേണം. സദസിലുള്ളതിനെക്കാള്‍ ആള്‍ക്കൂട്ടം വേദിയിലുണ്ടാകുന്ന രീതി ഒഴിവാക്കണം. പാര്‍ട്ടി പരിപാടികളില്‍ സ്റ്റെജില്‍ ഇരിക്കേണ്ടവരുടെയും പ്രസംഗിക്കേണ്ടവരുടെയും പ്രോട്ടോക്കോള്‍ തയാറാക്കും.തര്‍ക്ക പരിഹാരങ്ങള്‍ക്ക് ജില്ലാതല സമിതി രൂപീകരിക്കും. എല്ലാ പരാതികളും ഇവിടെയാണ് ഉന്നയിക്കേണ്ടത്. അച്ചടക്ക ലംഘനം നിരീക്ഷിക്കാന്‍ പ്രാദേശികമായി അച്ചടക്ക സമിതിയുമുണ്ടാകും.ജനങ്ങളിലെക്കിറങ്ങി പ്രവര്‍ത്തിക്കുകയാണ് ജയിക്കാനുള്ള പോംവഴിയെന്നും മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. ഇതിനായിസാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ സജീവമായി ഇടപെടണം.മരണ ,വിവാഹ വീടുകളില്‍ സഹായത്തിനായുണ്ടാകണം.ബൂത്ത്-മണ്ഡലം കമ്മിറ്റികളുടെ പ്രവര്‍ത്തനം ഓരോ ആറുമാസവും വിലയിരുത്തി ഡിസിസി അധ്യക്ഷന്മാര്‍ കെപിസിസിക്ക് റിപ്പോര്‍ട്ട് നല്‍കണം.ഇതിനൊപ്പം പാര്‍ട്ടിക്ക് മുഴുവന്‍ സമയ കേഡര്‍മാരെ നിയമിച്ച് ഇവര്‍ക്ക് പ്രതിമാസം നിശ്ചിത തുക ഇന്‍സെന്റ്റീവ് ആയി നല്‍കാനും നിര്‍ദേശമുണ്ട്.