Thursday, May 2, 2024
keralaNews

സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെ കോഫോപോസ ചുമത്തി ;ഒരു വര്‍ഷം വരെ തടവിലാവും.

സ്വര്‍ണക്കടത്ത് കേസിലെ രണ്ട് പ്രതികള്‍ക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രയോഗിക്കുന്ന കോഫോ പോസ നിയമം ചുമത്തി. മുഖ്യപ്രതി സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കുമെതിരെയാണ് കോഫോ പോസ ചുമത്തിയത്. ഈ സാഹചര്യത്തില്‍ ഇരുവരെയും കരുതല്‍ തടങ്കലില്‍ വയ്ക്കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ അടങ്ങിയ കേന്ദ്ര കോഫെപോസ സമിതി ഉത്തരവിട്ടു. സ്ഥിരം സാമ്പത്തിക കുറ്റവാളികള്‍ക്കെതിരെയാണ് കോഫെപോസ ചുമത്തുന്നത്.ഈ രണ്ടുപേരും നിരന്തരമായി നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തി എന്ന് കസ്റ്റംസിന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കസ്റ്റംസ് ജയിലിലെത്തി ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. കോഫെപോസ ചുമത്തി ഒരു വര്‍ഷം തടവില്‍ വയ്ക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസാണ് സമിതിക്ക് അപേക്ഷ നല്‍കിയത്.പ്രതികള്‍ രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന വാദമാണ് കസ്റ്റംസ് കോഫെപോസ സമിതിക്ക് മുന്നില്‍ വച്ചത്. ഉത്തരവിന്റെ പകര്‍പ്പ് പ്രതികള്‍ക്ക് കൈമാറി. ഉത്തരവിനെതിരെ പ്രതികള്‍ക്ക് കോടതിയെ സമീപിക്കാം.