Tuesday, May 21, 2024
keralaNews

കോട്ടയത്ത് ഇന്നലെ കാണാതായ വീട്ടമ്മയും മകളും പാറമടയില്‍ മരിച്ച നിലയില്‍

തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ വീട്ടമ്മയെയും മകളെയും പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പനച്ചിക്കാട് പെരുഞ്ചേരിക്കുന്ന് മാടപ്പള്ളി കരോട്ട് ശശിയുടെ ഭാര്യ വത്സമ്മ (ഓമന-59), മകള്‍ ധന്യ(37) എന്നിവരാണ് മരിച്ചത്.പനച്ചിക്കാട് ക്ഷേത്രത്തിനു സമീപമുള്ള പുലിയാട്ടുപാറ പാറമട കുളത്തിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുലര്‍ച്ചെ സമീപവാസികള്‍ ഓമനയുടെ മൃതദേഹമാണ് ആദ്യം കണ്ടത്.തുടര്‍ന്ന് ചിങ്ങവനം പോലീസിലും ഫയര്‍ഫോഴ്‌സിലും വിവരം അറിയിച്ചു. ഫയര്‍ഫോഴ്‌സെത്തി നടത്തിയ തെരച്ചിലില്‍ പിന്നാലെ ധന്യയുടെയും മൃതദേഹം കണ്ടെത്തി. മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി.

കെട്ടിടം പണിക്കാരനാണ് ഗൃഗനാഥന്‍ ശശി. ഓമനയും ധന്യയും ഭര്‍ത്താവ് അനീഷും ഉള്‍പ്പെടുന്ന നാലംഗ കുടുംബം പനച്ചിക്കാട്ട് പെരുഞ്ചേരികുന്നിലെ വീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. സാമ്പത്തിക പ്രശ്‌നങ്ങളാണ് ഇരുവരും മരിക്കാനിടയായതിനു പിന്നിലെന്നു ചിങ്ങവനം പോലീസ് പറഞ്ഞു.
ഇരുവരെയും കാണാതായതിന് പിന്നാലെ ചിങ്ങവനം മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയിരുന്നു. തിങ്കളാഴ്ച രാവിലെ 11 വരെ ഫോണ്‍ സിഗ്നല്‍ കുഴിമറ്റം പ്രദേശത്തുണ്ടായിരുന്ന എന്ന് വ്യക്തമായി.പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.