Thursday, May 9, 2024
keralaNews

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതി നീതു മാത്രമാണെന്ന് : എസ്.പി ഡി. ശില്‍പ

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വാര്‍ഡില്‍ നിന്നും കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ നീതുവിന് മാത്രമാണ് പങ്കെന്ന് എസ്.പി ഡി. ശില്‍പ അറിയിച്ചു.വിവാഹിതയായ നീതു സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവുമായി ഒന്നര വര്‍ഷത്തിലേറെയായി സൗഹൃദത്തിലാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇയാളില്‍ നിന്നും നീതു ഗര്‍ഭം ധരിച്ചെങ്കിലും പിന്നീട് അബോര്‍ഷനായി. ഇതിനിടെ നീതുവിനെ ഒഴിവാക്കി യുവാവ് വേറെ വിവാഹം കഴിക്കാനുള്ള നീക്കങ്ങള്‍ തുടങ്ങിയതോടെ ഇയാളെ ഒപ്പം നിര്‍ത്താന്‍ വേണ്ടി ഗര്‍ഭം അലസിയ കാര്യം നീതു മറച്ചു വയ്ക്കുകയും തട്ടിയെടുത്ത കുഞ്ഞിനെ താന്‍ പ്രസവിച്ച കുഞ്ഞായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് എസ്.പി പറഞ്ഞു.

എസ്.പിയുടെ വാക്കുകള്‍ –

ഇന്നലെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തില്‍ നിന്നും രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതായി പരാതി വന്നതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കളമശ്ശേരി സ്വദേശിനിയായ നീതുരാജ് എന്ന യുവതിയെ കുഞ്ഞിനൊപ്പം സമീപത്തുള്ള ഒരു ഹോട്ടലില്‍ നിന്നും പിടികൂടിയിരുന്നു. കളമശ്ശേരിയില്‍ ഒരു ഇവന്റ മാനേജ്‌മെന്റ കമ്പനി നടത്തുന്ന ആളാണ് നീതു എന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമാവുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു യുവാവുമായി നീതു ബന്ധത്തിലായിരുന്നു. ഈ യുവാവ് മറ്റൊരു വിവാഹം നടത്തും എന്ന സംശയത്തില്‍ അതു മുടക്കാന്‍ വേണ്ടി താന്‍ രണ്ട് മാസം ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ നീതു യുവാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഈ ഗര്‍ഭം അലസിപ്പോയി.

എന്നാല്‍ ഒരു കുഞ്ഞില്ലെങ്കില്‍ യുവാവ് തന്നെ ഉപേക്ഷിക്കും എന്ന ഭയം കാരണമാണ് ഒരു കുഞ്ഞിനെ തട്ടിയെടുക്കാന്‍ നീതു തീരുമാനിച്ചത്. ഇതിനായി ജനുവരി നാലിന് കോട്ടയം മെഡിക്കല്‍ കോളേജിന് അടുത്ത ഹോട്ടലില്‍ എത്തി റൂം എടുത്തു.തുടര്‍ന്ന് രണ്ട് ദിവസം ആശുപത്രിയില്‍ തങ്ങിയ ശേഷമാണ് ഇന്നലെ വൈകിട്ടോടെ കുഞ്ഞിനെ നീതു അശ്വതി എന്ന യുവതിയില്‍ തട്ടിയെടുത്തത്.കുഞ്ഞിനെ എടുത്ത് ഹോട്ടല്‍ റൂമില്‍ എത്തിയ ശേഷം കുഞ്ഞിനൊപ്പം ഫോട്ടോ യുവാവിന് അയച്ചു കൊടുക്കുകകയും യുവാവിന്റെ ബന്ധുക്കളെ വീഡിയോ കോള്‍ വിളിക്കുകയും ചെയ്തു.യുവാവിനൊപ്പം ജീവിക്കാനും കുഞ്ഞിനെ വളര്‍ത്താനുമായിരുന്നു നീതുവിന്റെ പദ്ധതി.കുഞ്ഞിനെ തട്ടിക്കൊണ്ടു വന്നതില്‍ യുവാവിന് പങ്കില്ല. തട്ടിക്കൊണ്ടു പോയകേസില്‍ നീതുവിനെ മാത്രമാണ് പ്രതിയാക്കി കേസെടുത്തിട്ടുള്ളത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണുള്ളത്. ഇവര്‍ വിവാഹമോചിതരല്ല. ഈ ബന്ധം ഒഴിവാക്കി കാമുകനൊപ്പം പോകാനാണ് നീതു ആഗ്രഹിച്ചത്. അയാള്‍ക്ക് ഇക്കാര്യങ്ങളെക്കുറിച്ച് അറിവില്ല. നീതുവിന്റെ കൈയില്‍ നിന്നും യുവാവ് പണം വാങ്ങിയിട്ടുണ്ട്. ആ വിവരങ്ങള്‍ വേറെ തന്നെ പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്.

നീതു നേരത്തെ ചങ്ങനാശ്ശേരിയിലെ ഒരു കോളേജില്‍ പഠിച്ചിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജിലും മറ്റും നേരത്തെ വന്ന് യുവതിക്ക് പരിചയമുണ്ടായിരുന്നു. അങ്ങനെയാണ് ഈ സ്ഥലത്തേക്ക് നീതു എത്തിയത്.ഹോട്ടലില്‍ റൂമെടുത്ത് രണ്ട് ദിവസം ആശുപത്രിയില്‍ കറങ്ങിയ ശേഷമാണ് പുറത്തെ ഒരു കടയില്‍ നിന്നും നഴ്‌സുമാരും ഡോക്ടര്‍മാരും ഉപയോഗിക്കുന്ന ഏപ്രണ്‍ വാങ്ങിയത്. ഇതിനു ശേഷമാണ് ഗൈനോക്കോളജി വാര്‍ഡില്‍ എത്തി കുഞ്ഞിനെ വാങ്ങി പോയത്.ചോദ്യം ചെയ്യല്ലിന്റെ ആദ്യഘട്ടത്തില്‍ പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പല കള്ളങ്ങളും യുവതി പറഞ്ഞു. ഇതെല്ലാം പൊലീസ് പൊളിച്ചതോടെയാണ് നീതു സത്യം പറയാന്‍ തയ്യാറായത്. യുവാവിനെ ബ്ലാക്ക് മെയില്‍ ചെയ്തതായി മൊഴി ലഭിച്ചിട്ടിലല്ല. ഏതു വിധേയനേയും ഈ ബന്ധം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് യുവതി ഈ പ്രവൃത്തി ചെയ്തത്. നീതുവിന്റെ കാമുകന് ഡ്രൈവിംഗ് ജോലിയാണ്. ഇയാള്‍ക്ക് മുപ്പത് വയസ്സുണ്ട്. ഇയാള്‍ മറ്റൊരു വിവാഹം കഴിക്കാനുള്ള ശ്രമം തുടങ്ങിയത്. യുവാവിന് ഒരു പാട് പണം നല്‍കിയിട്ടുണ്ട് എന്നാണ് നീതു പറയുന്നത് ഇക്കാര്യങ്ങള്‍ പരിശോധിച്ചു വരികയാണ്. നീതുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തി ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാകും.