Saturday, May 11, 2024
keralaNews

കോട്ടയം ജില്ലയില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ 20000 പേര്‍ക്ക് കോവിഡ് പരിശോധന

സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 16, 17 തീയതികളില്‍ കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഊര്‍ജ്ജിതമാക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.

ഏപ്രില്‍ 12 മുതല്‍ ഇന്നലെ(ഏപ്രില്‍ 15) വരെയുള്ള ദിവസങ്ങളില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് യഥാക്രമം 407, 629, 816, 751 എന്നിങ്ങനെയാണ്. രോഗികളുടെ എണ്ണം ഗണ്യമായി വര്‍ധിക്കുന്നത് ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ പരിശോധനയ്ക്ക് വിധേയരാകാന്‍ ജനങ്ങള്‍ സന്നദ്ധരാകണമെന്ന് കളക്ടര്‍ നിര്‍ദേശിച്ചു.