Friday, May 17, 2024
keralaNews

കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം

കോടതി ഉത്തരവുകള്‍ നടപ്പാക്കാത്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്നതിന്റെ പേരില്‍ കോടതി ഉത്തരവ് നടപ്പാക്കാത്തത് അംഗീകരിക്കാനാകില്ല. പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സൗകര്യം പോലെ കോള്‍ഡ് സ്റ്റോറേജില്‍ വെയ്ക്കാനുള്ളതല്ല കോടതി ഉത്തരവുകള്‍. കോട്ടയം തിരുവാര്‍പ്പ് പള്ളിയുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം.കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയാത്തത് നാണക്കേടാണെന്ന് കോടതി നിരീക്ഷിച്ചു. ഉത്തരവുകള്‍ നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. കോടതി ഉത്തരവുകള്‍ നടപ്പാക്കാനാകാതെ പോകുന്നത് നീതിന്യായ വ്യവസ്ഥയുടെ പരാജയമാണ്. ഇത് അരാജകത്വത്തിലേക്ക് നയിക്കും. ഇത്തരം നിലപാട് അംഗീകരിച്ചാല്‍ അത് നിയമ വ്യവസ്ഥയുടെ ചരിത്രത്തിലെ കറുത്ത ദിനമായിരിക്കുമെന്നും ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്‍ നിരീക്ഷിച്ചു.ഉത്തരവുകള്‍ നടപ്പാക്കിയില്ലെങ്കില്‍ കോടതി മൂകസാക്ഷിയായി നോക്കിയിരിക്കില്ല. നിയമം അനുശാസിക്കുന്ന തരത്തില്‍ ഇടപെടും. കോടതി ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ നിന്ന് പൊലീസിനെ തടയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.