Friday, May 17, 2024
indiaNews

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന.

കൊറോണ വൈറസിന്റെ ഇന്ത്യന്‍ വകഭേദമായ ബി 1617 ആഗോളതലത്തില്‍ തന്നെ ആശങ്കയുണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ). അതിവേഗമാണ് ഈ വകഭേദം വ്യാപിക്കുന്നതെന്ന് ഡബ്ല്യൂഎച്ച്ഒ കോവിഡ് ടെക്നിക്കല്‍ മേധാവി ഡോ. മരിയ വാന്‍ കെര്‍ഖോവെ പറഞ്ഞു.കഴിഞ്ഞ വര്‍ഷം ഇന്ത്യയിലാണ് ബി 1617 എന്ന കൊറോണ വകഭേദത്തെ കണ്ടെത്തിയത്. അതിവേഗമാണ് ഇതു പടരുന്നത്. ഈ വകഭേദത്തെയും അതിന്റെ ഉപവിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഡബ്ല്യൂഎച്ച്ഒ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് മരിയ പറഞ്ഞു.

ഡബ്ല്യൂഎച്ച്ഒയുടെ പകര്‍ച്ചവ്യാധി പഠന സംഘവും പരിശോധനാ സംഘങ്ങളും ഈ വകഭേദത്തെക്കുറിച്ചു പ്രത്യേക പരിശോധനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ പകര്‍ച്ചാ ശേഷി വര്‍ധിക്കുകയാണെന്നാണ് വിവരങ്ങള്‍. ആഗോളതലത്തില്‍ തന്നെ ഉത്കണ്ഠയുണ്ടാക്കുന്ന വകഭേദമായാണ് ഡബ്ല്യൂഎച്ച്ഒ ഇതിനെ കാണുന്നതെന്ന് ഡോ. മരിയ പറഞ്ഞു.കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 3,29,942 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. 3,876 പേര്‍ ഈ സമയത്തിനിടെ കോവിഡ് മൂലം മരിച്ചു.

ഇന്നലെ 3,56,082 പേരാണ് രോഗമുക്തി നേടിയത്. ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,29,92,517 പേര്‍ക്ക്. ഇതില്‍ 1,90,27,304 പേര്‍ രോഗമുക്തരായി. 2,49,992 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് രാജ്യത്ത് 17,27,10,066 പേര്‍ വാക്സിന്‍ സ്വീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.രാജ്യത്ത് 37,15,221 പേരാണ് ചികിത്സയിലുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 37,236 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 549 പേര്‍ മരിച്ചു. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടത് 61,607 പേര്‍.സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,38,973. ആകെ രോഗ മുക്തരുടെ എണ്ണം 44,69,425. ആകെ മരണം 76,398. നിലവില്‍ 5,90,818 പേരാണ് ചികിത്സയിലുള്ളത്. ദിവസങ്ങള്‍ക്ക് ശേഷമാണ് ചികിത്സയിലുള്ളവരുടെ എണ്ണം ആറ് ലക്ഷത്തില്‍ നിന്ന് താഴേക്ക് എത്തിയത്.