Thursday, May 16, 2024
keralaNews

ആനക്കഥകളുടെ അക്ഷയ ഖനി; മാടമ്പിന്റെ വിയോഗം ആനപ്രേമികള്‍ക്ക് കനത്ത നഷ്ടം

സംസ്‌കൃത സാഹിത്യം, വേദാന്തം, തത്വചിന്ത, കവിത, സിനിമ, രാഷ്ട്രീയം എന്നിങ്ങനെ വിവിധ മേഖലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഇന്ന് നമ്മോട് വിടപറഞ്ഞ മാടമ്പ് കുഞ്ഞുകുട്ടന്‍ എന്ന മാടമ്പ് ശങ്കരന്‍ നമ്പൂതിരി. 1941 ജൂണ്‍ 23ന് തൃശൂര്‍ ജില്ലയില്‍ കിരാലൂരില്‍ ജനിച്ച അദ്ദേഹത്തിന് മറ്റൊരു മേഖലയിലും അഗാധമായ അറിവുണ്ടായിരുന്ന. ആനയെക്കുറിച്ചായിരുന്നു അത്. തികഞ്ഞൊരു ആനപ്രേമിയായിരുന്നു അദ്ദേഹം. തൃശൂര്‍ക്കാരുടെ സ്വന്തമായ മേളത്തോടും ആനയോടുമുളള കടുത്ത അഭിനിവേശം അദ്ദേഹത്തിനുണ്ടായിരുന്നു.

മാടമ്പിന്റെ നിര്യാണം തീര്‍ച്ചയായും സാഹിത്യത്തിനും സിനിമയ്ക്കും എന്നതുപോലെ ആനപ്രേമികള്‍ക്കും കനത്ത നഷ്ടമാണ്. ആന ലക്ഷണങ്ങള്‍ പറയുന്ന മാതംഗലീലയുടെ വിവിധ ഭാഗങ്ങള്‍ കാണാപാഠമായിരുന്നു അദ്ദേഹത്തിന്. പ്രശസ്ത ആയുര്‍വേദ, ഹസ്ത്യായുര്‍വേദ ചികിത്സകനായ പൂമുളളി ആറാം തമ്പുരാന്‍ എന്ന നീലകണ്ഠന്‍ നമ്പൂതിരിപ്പാടായിരുന്നു ആനക്കാര്യത്തില്‍ മാടമ്പിന്റെ ഗുരു. ജയറാം നായകനായ 2006ല്‍ പുറത്തിറങ്ങിയ ആനച്ചന്തം എന്ന ചിത്രത്തില്‍ ആനയെ ചികിത്സിക്കുന്ന വൈദ്യനായി മാടമ്പ് വേഷമിട്ടിട്ടുണ്ട്.

ആനയുടെ ലക്ഷണങ്ങളും ആനയുടെ ചിട്ടകളും അവയുടെ വകഭേദങ്ങളുമെല്ലാം അദ്ദേഹത്തിന് ഓരോ ആനയെയും കാണുമ്പോള്‍ തന്നെ തിരിച്ചറിയാനാകുമായിരുന്നു. ആനയെ കുറിച്ച് മാത്രമല്ല ആന പാപ്പാന്‍ എത്തരത്തിലായിരിക്കണം എന്നതുവരെ കൃത്യമായി അദ്ദേഹം പറയുന്നുണ്ട്. ആനയ്ക്ക് അധിപനായവന്‍ ബുദ്ധിമാനും, രാജാവിന് തുല്യനും, ധര്‍മ്മിഷ്ടനും, സ്വാമി ഭക്തനും ശുദ്ധനും, സദ്ഗുരുവില്‍ നിന്ന് ശാസ്ത്രാഭ്യാസം ചെയ്തവനും എല്ലാമാകണമെന്നാണ് മാതംഗലീലയിലെ ആനക്കാരന്റെ ലക്ഷണമെങ്കിലും ഇന്ന് കുതിഞരമ്പ് മുറിച്ചും, കഠിന ഉപദ്രവമേല്‍പ്പിച്ച് ദ്രോഹിച്ചും, ഷോക്കടിപ്പിച്ചും എഴുന്നേറ്റ് നില്‍ക്കാനുളള ശക്തികൂടി ആനയ്ക്ക് ഇല്ലാതാക്കുന്ന കഠിന ഭേദ്യമാണ് പലപാപ്പാന്മാരും നടത്തുന്നതെന്ന ദുഖവും അദ്ദേഹത്തിനുണ്ടായിരുന്നു.

ഇന്ന് കാണുന്ന ആനകളുടെ പ്രത്യേകതകള്‍ മാത്രമല്ല ഒരുപാട് ആനക്കഥകളുടെയും അക്ഷയഖനിയായിരുന്നു അദ്ദേഹം. കേരളത്തിലെ ഏറ്റവും ഉയരക്കേമനായിരുന്ന നാട്ടാന ചേങ്ങല്ലൂര്‍ രംഗനാഥന്‍, കീരാങ്ങാട്ട് കേശവന്‍, ഗുരുവായൂര്‍ കേശവന്‍, പൂമുളളി ശേഖരന്‍ അങ്ങനെ 19,20 നൂറ്റാണ്ടുകളില്‍ നമ്മുടെ കേരളത്തില്‍ ജീവിച്ചിരുന്ന വമ്ബന്‍ ഗജരാജാക്കന്മാരുടെ നൂറ് നൂറ് കഥകള്‍ അദ്ദേഹം രസാവഹമായി പറഞ്ഞുതന്നു. മാടമ്പ് കുഞ്ഞുക്കുട്ടന്‍ നടന്നകലുമ്പോള്‍ ആനകേരളത്തിന് നഷ്ടമാകുന്നത് നല്ലൊരു വഴികാട്ടിയെ തന്നെയാണ്.