Wednesday, May 15, 2024
keralaNews

പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം. വീടിന്റെ ബാധ്യത ഏറ്റെടുക്കും, മാത്യു കുഴല്‍നാടന്‍ എംഎല്‍എ

കൊച്ചി: മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തില്‍ വീടിന്റെ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറെന്ന് കാണിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ബാങ്കിന് കത്ത് നല്‍കി.

മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന് അജേഷ് കൊടുക്കാനുള്ള 175000 രൂപ താന്‍ അടച്ചു കൊള്ളാം എന്ന് അറിയിച്ചുള്ള കത്താണ് കുഴല്‍നാടന്‍ നല്‍കിയത്. ഹൃദ്രോഗിയായ കുടുംബനാഥന്‍ ആശുപത്രിയിലിരിക്കെയായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തി.ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കരുതെന്ന് വ്യക്തമാക്കിയാണ് എംഎല്‍എ മാത്യു കുഴന്‍നാടന്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്‍ കത്ത് നല്‍കിയത്.

വായ്പയും കുടിശ്ശികയും ചേര്‍ത്തുള്ള ഒന്നര ലക്ഷത്തോളം രൂപ ഉടന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ഇതിനുള്ള നടപടികള്‍ ബാങ്ക് വേഗത്തിലാക്കണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.

ഇതിനൊപ്പം പട്ടിക ജാതി കുടുംബത്തിലെ മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലാതിരിക്കെ 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കിവിട്ടതിന് കേസ് നല്‍കാനും ആലോചനയുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ഗുരുതരമായ ഹൃദ്യോഗത്തിന് ഗൃഹനാഥനായ മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളി സ്വദേശി അജേഷ് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടത്തിയത്. വീട് ഈട് വച്ചെടുത്ത ഒരു ലക്ഷം രൂപ കുടിശ്ശികയായതിനായിരുന്നു നടപടി. അജേഷ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ഡ് ആകുന്നത് വരെ ജപ്തി നീട്ടാന്‍ സമയം ചോദിച്ചെങ്കിലും ബാങ്ക് അനുവദിച്ചില്ല. എന്നാല്‍ കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നായിരുന്നു മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ വിശദീകരണം.