Wednesday, May 8, 2024
keralaNews

കൊച്ചിയില്‍ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു.

കൊച്ചി: കൊച്ചിയില്‍ നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയില്‍ നിന്ന് വെള്ളം കുടിച്ച് തിരിഞ്ഞപ്പോള്‍ കുഴിയിലേക്ക് വീഴുകയായിരുന്നു. രണ്ട് കണങ്കാലുകളും ഒടിഞ്ഞു. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.തയ്യല്‍ക്കാരിയായ പ്രമീള ജോലിക്ക് പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. പരാതി നല്‍കിയിട്ടും കൊച്ചി കോര്‍പ്പറേഷന്‍ തിരിഞ്ഞ് നോക്കുന്നില്ലെന്നാണ് പ്രമീളയുടെ പരാതി. വെള്ളക്കുഴി കാണാവുന്ന വിധത്തിലായിരുന്നിവെന്ന് പ്രമീള പറയുന്നു. ഈ ഭാഗത്ത് ഇത്തരം അപകടങ്ങള്‍ സ്ഥിരമാണെന്ന് നാട്ടുകാര്‍ പറയുന്നു. പ്രമീള വീണ കുഴി താല്‍ക്കാലികമായി കല്ല് വെച്ച് അടച്ചിരിക്കുകയാണ് അടുത്തുള്ള പെട്ടിക്കടക്കാരന്‍. ഈ റോഡില്‍ ഓടയിലേക്ക് വെളളം പോകാനായി ഇത്തരത്തില്‍ വേറേയും കുഴികളുണ്ട്.കൊച്ചിയിലെ വെളളക്കെട്ടിനെതിരെ ഹൈക്കോടതി നേരത്തെ ഇടപെട്ടിരുന്നു. പ്രശ്‌നം പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ നിര്‍ദേശിച്ചിരുന്നു. കോടികള്‍ മുടക്കി ഓപ്പറേഷന്‍ ബ്രേക് ത്രൂ ആദ്യഘട്ടം നടപ്പാക്കിയിട്ടും കഴിഞ്ഞ ദിവസം നഗരം വീണ്ടും വെളളക്കെട്ടില്‍ മുങ്ങിയ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.