Wednesday, May 22, 2024
keralaNewsObituary

ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ അന്തരിച്ചു

തിരുവനന്തപുരം ആര്‍എസ്പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി ടി.ജെ.ചന്ദ്രചൂഡന്‍ (82) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി പദവിയും വഹിച്ചിട്ടുണ്ട്.1940 ഏപ്രില്‍ 20 ന് തിരുവനന്തപുരം ജില്ലയില്‍ ജനിച്ച ചന്ദ്രചൂഡന്‍ ബി.എ, എംഎ പരീക്ഷകള്‍ റാങ്കോടെയാണ് പാസായത്. ആര്‍എസ്പി വിദ്യാര്‍ഥി സംഘടനയിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്.കെ. ബാലകൃഷ്ണന്റെ കൗമുദിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചു.
1969 ല്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളജില്‍ അധ്യാപകനായി. 1987 ല്‍ ജോലി രാജി വച്ച് മുഴുവന്‍ സമയ പൊതുപ്രവര്‍ത്തനത്തിലേക്കിറങ്ങി. 1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ചന്ദ്രചൂഡന്‍ 1990 ല്‍ കേന്ദ്രമ സെക്രട്ടേറിയറ്റ് അംഗമായി. 99 ല്‍ സംസ്ഥാന സെക്രട്ടറിയായി. 1982 ലും 1987 ലും തിരുവനന്തപുരം വെസ്റ്റില്‍നിന്നും 2006 ല്‍ ആര്യനാടുനിന്നും നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിഎസ്സി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായിരുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ – യു.എസ് ആണവായുധ ഉടമ്പടിയുമായി ബന്ധപ്പെട്ട കോഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ പ്രധാന പങ്ക് വഹിച്ചു. 20010 ല്‍ രാജ്യസഭാ സീറ്റിലേക്കു പരിഗണിക്കപ്പെട്ടെങ്കിലും ഉള്‍പാര്‍ട്ടി പ്രശ്‌നങ്ങളെ തുടര്‍ന്ന് അതു നിഷേധിക്കപ്പെട്ടു.2008 ലാണ് ദേശീയ ജനറല്‍ സെക്രട്ടറിയായത്. 2018 വരെ ആ ചുമതലയില്‍ തുടര്‍ന്നു. നിലവില്‍ ആര്‍എസ്പി സംസ്ഥാന സമിതിയില്‍ സ്ഥിരം ക്ഷണിതാവായിരുന്നു.അഭിജാതനായ ടി.കെ.,വിപ്ലവത്തിന്റെ മുള്‍പാതയിലൂടെ നടന്നവര്‍, കെ.ബാലകൃഷ്ണന്‍: മലയാളത്തിന്റെ ജീനിയസ്, മാര്‍ക്സിസം എന്നാല്‍ എന്ത്? തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.