Monday, May 13, 2024
keralaNews

മൂന്ന് ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും,20 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച പ്രതി പിടിയില്‍.

കോഴിക്കോട്: മൂന്ന് ലക്ഷത്തോളം രൂപ വിലയുള്ള ബൈക്കും 20 പവന്‍ സ്വര്‍ണ്ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. കണ്ണൂര്‍ ഇരിക്കൂര്‍ പട്ടുവം ദാറുല്‍ ഫലാഹില്‍ ഇസ്മായിലാണ് പിടിയിലായത്. 19ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം. പൂവാട്ടുപറമ്പിലെ വീട്ടില്‍ വൈകിട്ട് അഞ്ചരയ്ക്കും രാത്രി പതിനൊന്നിനും ഇടയിലായിരുന്നു മോഷണം. വീട്ടുകാര്‍ ഈ സമയം നോമ്പ് തുറക്കാന്‍ പോയിരിക്കുകയായിരുന്നു. വീടിന്റെ മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്താണ് ഇയാള്‍ അകത്ത് കയറിയത്.വീടിനുള്ളിലെ അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും പണവും മോഷ്ടിച്ച ശേഷം പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും എടുത്ത് പ്രതി മുങ്ങുകയായിരുന്നു. ബികോം ബിരുദധാരിയായ പ്രതി ആഡംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനും വേണ്ടിയാണ് ഈ പണം ഉപയോഗിച്ചിരുന്നത്. ബൈക്കും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവര്‍ഷം ഇയാളെ തൃക്കാക്കര പോലീസ് പിടികൂടിയിരുന്നു. നഗരത്തിലെ ആഡംബര ഹോട്ടലുകളില്‍ താമസിച്ചാണ് പ്രതി മോഷണം ആസൂത്രണം ചെയ്തിരുന്നത്.

കഴിഞ്ഞ മാസമാണ് ഇസ്മായില്‍ പുറത്തിറങ്ങിയത്. ഇതിന് ശേഷം കാമുകിയുടെ അക്കൗണ്ടിലേക്ക് ഇയാള്‍ ലക്ഷങ്ങള്‍ കൈമാറിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം, കണ്ണൂര്‍, എറണാകുളം ജില്ലകളിലെ വിവിധ മോഷണക്കേസുകളിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. പകല്‍ സമയങ്ങളില്‍ കറങ്ങിനടന്ന ശേഷം മോഷ്ടിക്കാനുള്ള വീട് കണ്ടെത്തുന്നതാണ് ഇയാളുടെ പതിവെന്നും പോലീസ് വ്യക്തമാക്കി.