Thursday, May 2, 2024
keralaNews

കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പ്

തിരുവനന്തപുരം :കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിലെ കാലവര്‍ഷക്കാറ്റിന്റെയും കേരളത്തിനു മുകളിലും സമീപ പ്രദേശത്തുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനവുമാണ് മഴയ്ക്കു കാരണം.അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടി വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 30 മുതല്‍ ജൂണ്‍ 3 വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവര്‍ഷം അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തിന്റെ ബാക്കിയുള്ള പ്രദേശങ്ങളിലേക്കും എത്തിച്ചേരാന്‍ സാധ്യതയുണ്ട്.

സാധാരണ ജൂണ്‍ ഒന്നിനു തുടങ്ങേണ്ട കാലവര്‍ഷം കേരളത്തില്‍ മൂന്നു ദിവസം മുന്‍പേ എത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചിരുന്നു. ഈ മാസം 27ന് എത്തിയേക്കും എന്നായിരുന്നു ആദ്യ പ്രവചനം. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതു മൂന്നാം തവണയാണു ജൂണ്‍ ഒന്നിനു മുന്‍പ് കാലവര്‍ഷം എത്തുന്നത്. 2017, 2018 വര്‍ഷങ്ങളിലുമായിരുന്നു മുന്‍പ്.ഇന്നു തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴയുടെ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് ഒന്നു മുതല്‍ മേയ് 28 വരെ 98% വേനല്‍മഴ അധികം പെയ്തു.