Friday, May 17, 2024
keralaNews

കേരളത്തില്‍ സ്‌കൂളുകള്‍ തുറക്കുന്നു ;ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കാന്‍ അനുമതിയില്ല,ബാറുകള്‍ തുറക്കുന്നതിലും അനുമതിയില്ല

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങളുമായി സര്‍ക്കാര്‍. എപ്പോള്‍ തുറക്കുമെന്നതില്‍ മുഖ്യമന്ത്രി തീരുമാനം പ്രഖ്യാപിക്കും. ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതിലും ബാറുകള്‍ തുറക്കുന്നതിലും ഇന്നത്തെ അവലോകന യോഗത്തിലും തീരുമാനമായില്ല. തീയറ്ററുകളും അടഞ്ഞ് തന്നെ കിടക്കും.കോളേജുകള്‍ തുറക്കുന്നതിന് പിന്നാലെ സ്‌കൂളുകള്‍ തുറക്കാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഒന്നരവര്‍ഷമായി അടഞ്ഞ് കിടക്കുന്ന സ്‌കൂളുകളില്‍ മുന്നൊരുങ്ങള്‍ തുടങ്ങാന്‍ തീരുമാനമായി. എന്നാല്‍ എപ്പോള്‍ മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്നതിലാണ് അനിശ്ചിതത്വം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയാണ് തീയതിയില്‍ തീരുമാനമെടുക്കുക. ഒക്ടോബര്‍ ആദ്യ വാരമാണ് നിയന്ത്രണങ്ങളോട് കോളേജുകള്‍ തുറക്കുന്നത്. കുറച്ചുകൂടി സാവകാശമെടുത്ത ശേഷം നവംബര്‍ ആദ്യമോ പകുതിയോടെയോ സ്‌കൂളുകള്‍ തുറക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പ്ലസ് വണ്‍ പരീക്ഷാ നടത്തിപ്പില്‍ ഇപ്പോള്‍ ശ്രദ്ധ നല്‍കാനാണ് നിര്‍ദ്ദേശം. പരീക്ഷയുമായി മുന്നോട്ട് പോകാന്‍ സുപ്രീംകോടതി തീരുമാനം വന്നതാണ് സ്‌കൂളുകള്‍ തുറക്കുന്നതിലും സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കുട്ടികള്‍ക്ക് അടക്കം എത്ര പേര്‍ക്ക് കൊവിഡ് പ്രതിരോധമുണ്ടെന്ന പഠനവും ഈ ഇടവേളയില്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടല്‍. ആദ്യഡോസ് വാക്‌സിനേഷന്‍ 80 ശതമാനം കടന്നതും കേരളത്തിന് അനുകൂല ഘടകമാണ്.അതെ സമയം ഹോട്ടലുകളില്‍ ഇരുന്ന് കഴിക്കുന്നതടക്കം കൂടുതല്‍ ഇളവുകളിലേക്ക് ഇന്നത്തെ അവലോകനയോഗവും കടന്നില്ല.നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം.