Thursday, May 16, 2024
keralaNewsObituary

ഓര്‍ത്തഡോക്‌സ് സഭ കൊല്ലം മുന്‍ ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു

പത്തനംതിട്ട : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ സീനിയര്‍ മെത്രാപ്പോലീത്തായും മുന്‍ കൊല്ലം ഭദ്രാസനാധിപനുമായ സഖറിയാസ് മാര്‍ അന്തോണിയോസ് കാലം ചെയ്തു. മല്ലപ്പള്ളിക്കടുത്ത് ആനിക്കാട് മാര്‍ അന്തോണിയോസ് ദയറായില്‍ വിശ്രമജീവിതം നയിച്ചു വരുകയായിരുന്നു. കഴിഞ്ഞ നവംബറിലാണ് ഭരണച്ചുമതല ഒഴിഞ്ഞത്. കബറടക്കം പിന്നീട്. കൊച്ചിയിലും കൊല്ലത്തും 3 പതിറ്റാണ്ടിലേറെ ഭദ്രാസനാധിപന്‍ ആയിരുന്ന സഖറിയാസ് മാര്‍ അന്തോണിയോസ് അജപാലന ജീവിതത്തിന്റെ ഏറ്റവും പരിശുദ്ധവും ലാളിത്യവും നിറഞ്ഞ മാതൃകയാണ്. വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടില്ല. പാസ്‌പോര്‍ട്ട് പോലും ഇല്ല. നാട്ടിലോ മറുനാട്ടിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയിട്ടില്ല. അത്യാവശ്യത്തിനു മാത്രം യാത്രകള്‍. ഉപയോഗിച്ചിരുന്നത് സാധാരണ വാഹനം. മേല്‍പട്ടം സ്വീകരിച്ചു കൂടുതല്‍ ഉയരങ്ങളിലേക്കു പോകാന്‍ കഴിയുമായിരുന്ന നല്ല ഇടയന്‍ അതൊക്കെ ഉപേക്ഷിച്ചാണു വിശ്രമ ജീവിതത്തിന്റെ ശാന്തതയിലേക്കു കടന്നത്. പുനലൂര്‍ വാളക്കോട് സെന്റ് ജോര്‍ജ് ഇടവകയിലെ ആറ്റുമാലില്‍ വരമ്പത്ത് ഡബ്ല്യു.സി. ഏബ്രഹാമിന്റെയും മറിയാമ്മ ഏബ്രഹാമിന്റെയും 6 മക്കളില്‍ മൂത്ത മകനായ ഡബ്ല്യു.എ.ചെറിയാന്‍ ആണ് സഖറിയാസ് മാര്‍ അന്തോണിയോസ് ആയി മാറിയത്. 1946 ജൂലൈ 19നു ജനനം. മുത്തച്ഛന്‍ ഡബ്ല്യു.സി. ചെറിയാനോടൊപ്പം തിരുവല്ല ആനപ്രാമ്പാല്‍ എന്ന സ്ഥലത്തു നിന്നു പുനലൂരിലേക്കു കുടിയേറിയതാണു കുടുംബം. തിരുവല്ലയിലെ വീട്ടുപേരാണ് ആറ്റുമാലില്‍ വരമ്പത്ത്. അമ്മയുടെ കുടുംബം കൊട്ടാരക്കര പണ്ടകശാലയില്‍ നിന്നു പിറവന്തൂരില്‍ എത്തിയതാണ്. പുനലൂരിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. 1962 ല്‍ എസ്എസ്എല്‍സി കഴിഞ്ഞു പോസ്റ്റ് എസ്എസ്എല്‍സി വിദ്യാര്‍ഥി ആയാണ് ആദ്യം കൊല്ലത്തെത്തുന്നത്. തുടര്‍ന്നു ഇന്റര്‍മീഡിയറ്റ്. 1968 ല്‍ കൊല്ലം ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ നിന്നു ധനതത്വശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം കോട്ടയം പഴയ സെമിനാരിയില്‍ ദൈവശാസ്ത്ര പഠനം. മുന്‍ തലമുറകളില്‍ പുരോഹിതര്‍ ഉണ്ടായിരുന്നതിനാല്‍ ദൈവശാസ്ത്രം പഠിക്കണമെന്നതു കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. 1974 ഫെബ്രുവരി 2നു പൗരോഹിത്യം സ്വീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കൊല്ലം ഭദ്രാസനാധിപന്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യനായി പ്രവര്‍ത്തിച്ചു. പിന്നീട് കൊല്ലം കാദീശ, കുളത്തൂപ്പുഴ, നെടുമ്പായിക്കുളം എന്നിവിടങ്ങളില്‍ വികാരിയായി. 1991 ഏപ്രില്‍ 30ന് എപ്പിസ്‌കോപ്പ പദവിയിലേക്ക്. കൊച്ചി ഭദ്രാസനത്തില്‍ 17 വര്‍ഷത്തിലേറെ ഭരണച്ചുമതല വഹിച്ച ശേഷമാണു കൊല്ലത്തേക്ക് സ്ഥലം മാറിയെത്തിയത്.