Thursday, April 25, 2024
indiakeralaNews

മന്ത്രി തോമസ് ഐസക്കിന്റെ ട്വിറ്റര്‍ പോസ്റ്റ് പ്രതിഷേധാര്‍ഹം ; സേവാ സമാജം.

വാമന മൂര്‍ത്തിയെ ചതിയനായി ചിത്രീകരിച്ചു കൊണ്ട് തോമസ് ഐസക് ചെയ്ത ട്വിറ്റര്‍ അത്യന്തം പ്രതിഷേധാര്‍ഹമാണെന്ന് ശബരിമല അയ്യപ്പ സേവാ സമാജം ദേശീയ ജനറല്‍ സെക്രട്ടറി ഈ റോഡ് രാജന്‍ പ്രസ്താവിച്ചു.എവിടെ നിന്നാണ് ഈ അറിവ് അദ്ദേഹത്തിന് ലഭ്യമായതെന്നു അദ്ദേഹം വെളിപ്പെടുത്തണം. മതനിരപേക്ഷതയുടെ കാവലാളായി വര്‍ത്തിക്കുമെന്നു സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിക്കസേരയില്‍ ഇരിക്കുന്ന തോമസ് ഐസക്, കവലയില്‍ മതപ്രസംഗം നടത്തുന്ന രണ്ടാംതരം മതപ്രചാരകന്മാരുടെ മട്ടില്‍ സംസാരിക്കുന്നതു ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു .

വര്‍ഷങ്ങള്‍ പഴക്കമുള്ള തമിഴ് സംഘ സാഹിത്യം , പ്രസിദ്ധമായ തിരുക്കുറള്‍ രചിച്ച മഹാകവിയും ഋഷിയുമായിരുന്ന തിരുവള്ളുവര്‍ വാമനനെ ‘അടിയളന്താന്‍’ എന്നാണ് പറയുന്നത്.പ്രസിദ്ധമായ ചിലപ്പതികാരത്തിലും വാമനപ്പറ്റി പ്രതിപാദിക്കുന്നുണ്ട് ,കര്‍ണാടകത്തിലും , ആന്ധ്രയിലും വാമനമൂര്‍ത്തിയെ ഭക്തിയോടെ ആരാധിച്ചു വരുന്നു. വടക്കന്‍ സംസ്ഥാനങ്ങളിലും ഇതേ നിലയില്‍ വാമന ആരാധനാ സമ്പ്രദായം കാണാന്‍ കഴിയും. വാമന അവതാരത്തെക്കുറിച്ച് ഭക്ത ഹൃദയങ്ങളില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ച മന്ത്രി തോമസ് ഐസക് രാജിവെച്ചു മാപ്പ് പറയണമെന്നും അല്ലാത്ത പക്ഷം അദ്ദേഹത്തിനെതിരായി മതവികാരം വ്രണപ്പെടുത്തിയതിന് അയ്യപ്പ സേവാ സമാജം രാജ്യത്തുള്ള എല്ലാ ഹൈക്കോടതികളിലും കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.