Friday, May 17, 2024
Local NewsNews

ശബരിമല തീര്‍ത്ഥാടനം ; എരുമേലിയില്‍ നടക്കുന്ന മന്ത്രിതല യോഗത്തില്‍ അയ്യപ്പ ഭക്തസംഘടനകളെ ഒഴിവാക്കിയതായി പരാതി

എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ദേവസ്വം മന്ത്രിയുടെ നേതൃത്വത്തില്‍ എരുമേലിയില്‍ നാളെ നടക്കുന്ന മുന്നൊരുക്ക യോഗത്തില്‍ അയ്യപ്പ ഭക്തസംഘടനകളെ ഒഴിവാക്കിയതായി പരാതി. അഖില ഭാരത അയ്യപ്പ സേവാ സംഘം, ശബരിമല അയ്യപ്പ സേവാ സമാജം എന്നീ രണ്ട് സംഘടനകളെയാണ് മന്ത്രിയുടെ യോഗത്തില്‍ നിന്നും ഒഴിവാക്കിയതെന്നും സംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞു.

ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ആധികാരികമായി പറയുകയും – ഏറെ കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കാനുമുള്ളപ്പോഴാണ് തങ്ങളെ ഒഴിവാക്കിയതെന്നും ശബരിമല അയ്യപ്പ സേവാ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ്,
അഖില ഭാരത അയ്യപ്പ സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി എന്നിവര്‍ പറഞ്ഞു.

തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന യോഗങ്ങളില്‍ റവന്യൂ വകുപ്പ് കാലങ്ങളായി ക്ഷണിക്കാറുണ്ടെന്നും – ഈ വര്‍ഷം രണ്ട് യോഗങ്ങളില്‍ പങ്കെടുത്തതാണെന്നും അവര്‍ പറഞ്ഞു. എന്നാല്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ നടന്ന ജില്ല കളക്ടറുടെ യോഗത്തില്‍ ആന്റോ ആന്റണി എം പി യെ ക്ഷണിക്കാതിരുന്നതില്‍ പ്രതിഷേധിച്ച് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി യോഗം ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയിരുന്നു. ഇത് കണക്കിലെടുത്ത് നാളെ നടക്കുന്ന യോഗത്തില്‍ എം പി യെ ക്ഷണിക്കുകയും ചെയ്തു.

യോഗം നടത്തുന്നത് സംബന്ധിച്ച് വിവരങ്ങള്‍ മന്ത്രിയുടെ ഓഫീസ് നേരിട്ടാണ് പങ്കെടുക്കേണ്ടവരെ അറിയിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയില്‍ നടത്തുന്ന യോഗത്തില്‍ ക്ഷണിക്കാതിരിക്കുന്നതില്‍ ശക്തമായി പ്രതിഷേധം ഉണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു. ഇക്കാര്യം മന്ത്രിയെ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞു .