Thursday, May 2, 2024
keralaNewspolitics

കെ.സുധാകരന്റെ പേര് പറയാതിരുന്നാല്‍; കരാര്‍ ജോലി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം : കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടുന്ന മോന്‍സന്‍ മാവുങ്കല്‍ വഞ്ചനകേസില്‍ കെ.സുധാകരനെതിരെ മൊഴി നല്‍കാതിരിക്കാന്‍ ഇടനിലക്കാരന്‍ വഴി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പരാതിക്കാര്‍. കൊച്ചി വൈറ്റിലയിലെ ഹോട്ടലില്‍ സുധാകരന്റെ അടുപ്പക്കാരന്‍ എബിന്‍ എബ്രഹാം ചര്‍ച്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ പരാതിക്കാര്‍ പുറത്തു വിട്ടു. സുധാകന്റെ പേര് പറയാതിരിക്കാന്‍ കരാര്‍ ജോലി വാദ്ഗാനം ചെയ്തുവെന്ന് പരാതിക്കാരില്‍ ഒരാളായ ഷെമീര്‍ ആരോപിച്ചു. ലക്ഷദ്വീപ് എം പിയുമായി ബന്ധപ്പെട്ട് കരാര്‍ ജോലി നല്‍കാമെന്നായിരുന്നു വാഗ്ദാനമെന്നും ഷെമീര്‍ വെളിപ്പെടുത്തി. കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പുറത്തു വിട്ടത്.സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സന്‍ മാവുങ്കല്‍ 2021 സെപ്തംബറിലാണ് അറസ്റ്റിലാകുന്നത്. ഇതിന് ശേഷം കെ.സുധാകരനും മോന്‍സനുമായുള്ള ചിത്രങ്ങള്‍ പുറത്തുവരുകയും വിവാദമുയരുകയും ചെയ്തു. സുധാകരന്‍ പണം വാങ്ങിയെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിച്ചതിന് പിന്നിലെയാണ് ഇടനിലക്കാരനായ എബിന്‍ കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിപ്പിച്ചതെന്ന് പരാതിക്കാരന്‍ ഷെമീര്‍ പറയുന്നു. ഒക്ടോബറിലാണ് ഹോട്ടലില്‍ ചര്‍ച്ച നടന്നത്. മോന്‍സനെതിരെ പരാതി നല്‍കിയ ഷെമീര്‍, യാക്കോബ്, അനുപ് എന്നിവരുമായി എബിന്‍ സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സുധാകരന്‍ പണം വാങ്ങുന്നത് കണ്ടുവെന്ന രഹസ്യമൊഴി നല്‍കിയ അജിത്തിനെയും ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. അജിത്തും ദൃശ്യങ്ങളിലുണ്ട്. സുധാകരന്‍ പണം വാങ്ങിയെന്ന് മൊഴി നല്‍കരുതെന്നായിരുന്നു എബിന്റെ ആവശ്യം. മോന്‍സനെതിരെ വ്യാജ ചികിത്സക്ക് സുധാകരന്‍ പരാതി നല്‍കുമെന്ന് ഉറപ്പു നല്‍കി പിരിഞ്ഞതാണെന്നും പരാതിക്കാര്‍ പറയുന്നു. സുധാകരനെതിരെ മൊഴി നല്‍കാതിരുന്നാല്‍ ലക്ഷദ്വീപില്‍ കരാര്‍പണികള്‍ ഉറപ്പിക്കാമെന്ന വാദ്ഗാനം ചെയ്യുന്ന വാട്‌സ് ആപ്പ് ചാറ്റുകളും പരാതിക്കാര്‍ പുറത്തുവിട്ടു. സുധാകരന്‍ പരാതി നല്‍കാത്തിനെ തുടര്‍ന്നാണ് വഞ്ചാ കേസുമായ മുന്നോട്ടുപോയതെന്നാണ് പരാതിക്കാര്‍ പറയുന്നു. ക്രൈം ബ്രാഞ്ചിന് കൈമാറിയ ദൃശ്യങ്ങളാണ് പരാതിക്കാര്‍ പുറത്തുവിട്ടത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന് സാമ്പത്തിക തട്ടിപ്പ് കേസില്‍ പങ്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതി മോന്‍സന്‍ മാവുങ്കല്‍ ആവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയുടെ പി എസ് വരെ ഇടപെട്ട് കേസാണിതെന്നും കെ സുധാകരന് ബന്ധമില്ലെന്നുമാണ് നേരത്തെ മോന്‍സന്‍ മാവുങ്കല്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത്. കേസില്‍ കെ സുധാകരന്‍ എംപി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയലില്‍ സ്വീകരിച്ച കോടതി, ഹര്‍ജി സര്‍ക്കാരിന്റെ മറുപടിയ്ക്കായി കേസ് ഈ മാസം ഇരുപത്തിയൊന്നിലേക്ക് മാറ്റി.