Monday, May 13, 2024
keralaNews

കെ റെയില്‍ സമരം ചങ്ങനാശ്ശേരി കേന്ദ്രീകരിച്ച്; വിമോചന സമരകാലമല്ലെന്ന് ഓര്‍ത്താല്‍ നന്ന്: കോടിയേരി

ചങ്ങനാശേരി: സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളുടെ ആസൂത്രണം ചങ്ങനാശേരി കേന്ദ്രീകരിച്ചെന്ന് കോടിയേരി ബാലകൃഷ്ണന്‍. നാടാകെ സമരം പടരുമ്പോഴും സമരം നടത്തുന്നത് നാട്ടുകാരല്ല, ഇടതുമുന്നണിയെ തകര്‍ക്കാനുള്ള രാഷ്ട്രീയ ആസൂത്രിതമെന്ന നിലപാട് ആവര്‍ത്തിക്കുകയാണ് സി.പി.എം. ഒരുപടികൂടി കടന്ന് ആസൂത്രണത്തിന് പിന്നില്‍ എന്‍.എസ്.എസെന്ന് തോന്നിപ്പിക്കുന്ന ആരോപണങ്ങളും ഉയര്‍ത്തി. വിമോചന സമരകാലമല്ലെന്ന് ഓര്‍ക്കുന്നത് നന്നെന്നും കോടിയേരി പറഞ്ഞു.

ആരോപണം നിഷേധിച്ച എന്‍.എസ്.എസ്

എന്നാല്‍ പദ്ധതിക്ക് അനുകൂലമായോ പ്രതികൂലമായോ നിലപാടില്ലെന്ന് എന്‍.എസ്.എസിന്റെ മറുപടി.
ചങ്ങനാശേരി താലൂക്ക് യൂണിയന്‍ പ്രസിഡന്റ് മാടപ്പള്ളിയിലെ സമരസ്ഥലം സന്ദര്‍ശിച്ചത് സ്ഥലം നഷ്ടമാകുന്ന വ്യക്തിയെന്ന നിലയിലാണെന്നും വ്യക്തിപരമായ കാര്യമായതിനാലാണ് സന്ദര്‍ശന അനുമതി നല്‍കിയതെന്നും വിശദീകരിച്ചു.

അതിനിടെ സമരം നടത്തുന്ന കോണ്‍ഗ്രസിനെ നശീകരണ പ്രതിപക്ഷമെന്ന് വിമര്‍ശിച്ച കോടിയേരി പിഴുതെറിയാനുള്ള കല്ല് കോണ്‍ഗ്രസിന് വേണമെങ്കില്‍ സി.പി.എം നല്‍കാമെന്ന് പരിഹസിക്കുകയും ചെയ്തു. എന്നാല്‍ സമരത്തിന് ജനപിന്തുണ വര്‍ധിച്ചെന്ന് വിലയിരുത്തിയ കോണ്‍ഗ്രസ് സമരം പൂര്‍ണതോതില്‍ ഏറ്റെടുക്കാനുള്ള ശ്രമം തുടങ്ങി. സമരം കൂടുതല്‍ ശക്തമാക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കല്ല് പിഴുതെറിയുന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്താല്‍ ജനങ്ങള്‍ക്ക് പകരം യു.ഡി.എഫ് പ്രവര്‍ത്തകര്‍ ജയിലില്‍ പോകുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

മാടപ്പള്ളിയിലും കല്ലായിയിലും പൊലീസ് അതിക്രമം കാട്ടിയെന്ന് വ്യാപക വിമര്‍ശനമായതോടെ പൊലീസ് സംയമനം പാലിക്കണമെന്നും വാക്കുകൊണ്ട് പോലും പ്രകോപിപ്പിക്കരുതെന്നും ഡി.ജി.പി ജില്ലാ പൊലീസ് മേധാവിമാരോട് വാക്കാല്‍ നിര്‍ദേശിച്ചു.