Sunday, May 19, 2024
keralaNews

കെഎസ്ആര്‍ടിസി ബസ്സിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു.

തിരുവനന്തപുരം: ആര്യനാട്ട് കെഎസ്ആര്‍ടിസി ബസ്സിടിച്ച് കാത്തിരിപ്പ് കേന്ദ്രത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു. അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. ആര്യനാട് സ്വദേശി സോമന്‍ നായരാണ് മരിച്ചത്. 65 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് ഉച്ചയ്ക്ക് രണ്ടരയോടെ മരണം സംഭവിച്ചത്. അതേസമയം അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെയാരും പരിക്ക് ഗുരുതരമല്ല. ഇവരെല്ലാം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.ഇന്ന് രാവിലെ 8.45 ഓടെയാണ് അപകടമുണ്ടായത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചലിലെ കൊടുംവളവിലായിരുന്നു അപകടം. പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസ്സ് കൊടുംവളവ് തിരിഞ്ഞ് ബസ്റ്റ്‌സ്റ്റോപ്പില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ്സിന്റെ ഒരു ഭാഗം ബസ്സ് ഷെല്‍ട്ടറിന്റെ തൂണിലിടിക്കുകയും ബസ്‌ഷെല്‍ട്ടര്‍ പൂര്‍ണമായി നിലംപൊത്തുകയുമായിരുന്നു. ബസ് കാത്തുനില്‍ക്കുകയായിരുന്ന അഞ്ച് കുട്ടികളും സോമന്‍ നായരും നിലംപതിച്ച കോണ്‍ക്രീറ്റ് സ്ലാബിനടയില്‍പ്പെടുകയായിരുന്നു.

അപകടത്തില്‍പ്പെട്ട ഒരു കോളേജ് വിദ്യാര്‍ത്ഥിയും നാല് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സോമന്‍ നായരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം നടന്നയുടന്‍ നാട്ടുകാര്‍ കുതിച്ചെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കാലപ്പഴക്കമുള്ളതിനാല്‍ ബസ് സ്റ്റോപ്പ് പൊളിച്ച് മാറ്റണമെന്ന് പല തവണ അധികൃതരോട് ആവശ്യപ്പെട്ടിരുന്നതായി ആര്യനാട് പഞ്ചായത്തംഗം ആരോപിക്കുന്നു. ബസ് സ്റ്റോപ്പില്‍ നിര്‍ത്താനായി കുറഞ്ഞ വേഗത്തിലാണ് ബസ് വന്ന് ബസ് ഷെല്‍ട്ടറിലിടിച്ചത്. ഇതിനാല്‍ ബസിലെ മറ്റു യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റില്ല.