Sunday, May 5, 2024
keralaLocal News

കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ട് വീട് ജപ്തി ചെയ്ത സംഭവത്തില്‍ ജപ്തി വിവാദത്തിന് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ച് ഗോപി കോട്ടമുറിക്കല്‍. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജി.         

ബാങ്കിലെ രണ്ട് ജീവനക്കാരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാന്റി, ബ്രാഞ്ച് മാനേജര്‍ സജീവന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.

ജപ്തി നടപടിയില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സിപിഎമ്മിനെ ഏറെ പ്രതിരോധത്തിലാക്കിയ സംഭവമായിരുന്നു മൂവാറ്റുപുഴയില്‍ വിവാദമായ ജപ്തി വിഷയം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഇറക്കിവിട്ടുകൊണ്ടായിരുന്നു ബാങ്കിന്റെ ജപ്തി.ഈ സംഭവവികാസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ അര്‍ബന്‍ ബാങ്ക് ചെയര്‍മാനായ ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചത്.

വീട് പണയം വെച്ച് ഒരുലക്ഷം രൂപ കുടിശ്ശിക ആയതിനാലായിരുന്നു ജപ്തി നടപടി. മൂവാറ്റുപുഴ സ്വദേശി അജേഷിന്റെ വീടാണ് ജപ്തി ചെയ്തത്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നത് വരെ സമയം ചോദിച്ചിരുന്നെങ്കിലും ബാങ്ക് അനുവദിച്ചില്ല.

തുടര്‍ന്ന് 12 വയസില്‍ താഴെയുള്ള മൂന്ന് പെണ്‍കുട്ടികളെ ഇറക്കി വിട്ട് വീട് ജപ്തി ചെയ്യുകയായിരുന്നു. സംഭവം വിവാദമായതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ വിശദീകരണവുമായി രംഗത്തെത്തി. കുടുംബത്തിന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടില്ലെന്നായിരുന്നു ബാങ്ക് പറഞ്ഞത്.

ഇതിന് പിന്നാലെ, സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി വീട് ജപ്തി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ സഹകരണ മന്ത്രി വി.എന്‍ വാസവന്‍ നിര്‍ദ്ദേശം നല്‍കി.

തുടര്‍ന്ന് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് സിഇഒ ജോസ് കെ. പീറ്റര്‍ രാജി വെച്ചു. ഇതിന് ശേഷമാണ് ഇപ്പോള്‍ ബാങ്കിന്റെ ചെയര്‍മാനും പാര്‍ട്ടി നേതാവുമായ ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചിരിക്കുന്നത്.