Monday, April 29, 2024
keralaNews

കിഴക്കമ്പലത്ത് അണഞ്ഞത് വൃദ്ധരായ മാതാപിതാക്കള്‍ മാത്രമുള്ള വീടിന്റെ ഏക ആശ്രയം

കൊച്ചി ;ട്വന്റി ട്വന്റി വിളിക്കണയ്ക്കല്‍ സമരത്തില്‍ പങ്കെടുത്തതിനു കിഴക്കമ്പലത്ത് സിപിഎം പ്രവര്‍ത്തകരുടെ ക്രൂരതയില്‍ അണഞ്ഞത് വൃദ്ധരായ മാതാപിതാക്കള്‍ മാത്രമുള്ള വീടിന്റെ ഏക ആശ്രയമായിരുന്ന വിളക്ക്. കൂലിപ്പണിക്കാരനായ ദീപുവിനെ ആശ്രയിച്ചാണ് ഹൃദ്രോഗിയായ പിതാവും രോഗിയായ മാതാവും കഴിഞ്ഞിരുന്നത്. ഏക സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചിരുന്നു. കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ വീട്ടില്‍ കുഞ്ഞാറുവിന്റെ മകന്‍ സി.കെ. ദീപു(38) ആണ് തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ഇന്ന് ഉച്ചയോടെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകരെ കുന്നത്തുനാട് പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
കിഴക്കമ്പലത്ത് വഴിവിളക്കുകള്‍ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ സ്ഥലം എംഎല്‍എ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ നേതൃത്വത്തില്‍ വിളക്കണയ്ക്കല്‍ സമരം നടത്തിയത്. എംഎല്‍എ കെഎസ്ഇബി ഉദ്യോഗസ്ഥരില്‍ സമ്മര്‍ദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം. 12ന് വൈകിട്ട് 7 മുതല്‍ 7.15 വരെയായിരുന്നു സമരം. സ്വന്തം വീട്ടില്‍ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേയ്ക്കു പോകുമ്പോള്‍ കാത്തു നിന്ന സിപിഎം പ്രവര്‍ത്തകര്‍ ദീപുവിനെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ദീപുവിനെ ഈ വീട്ടിലേക്കു മനഃപൂര്‍വം വിളിച്ചു വരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് വാര്‍ഡ് മെമ്പര്‍ നിഷ പ്രതികരിച്ചു.

സിപിഎം പ്രവര്‍ത്തകരുടെ മര്‍ദനമേറ്റു ശരിക്കും ഭയന്നു പോയ ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം പുറത്തു പറഞ്ഞിരുന്നില്ല. ആശുപത്രിയില്‍ പോയാല്‍ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ചികിത്സ തേടിയാല്‍ ആശുപത്രിക്കാര്‍ അറിയിച്ച് പൊലീസ് വിവരം അറിയുമെന്നതിനാലായിരുന്നു ഭീഷണി. ഭയന്ന വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. അക്രമികളാകട്ടെ വീടിനു മുന്നില്‍ തമ്പടിക്കുകയും ചെയ്തു. ഇതിനിടെ ദീപുവിന്റെ ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ ആശുപത്രിയില്‍ എത്തിക്കുന്നത്. അക്രമണ വിവരം അറിഞ്ഞു സ്ഥലത്തെത്തിയ പഞ്ചായത്തു വാര്‍ഡ് മെമ്പറെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയും ആക്രമിച്ചെന്നും ആരോപണമുണ്ട്.
അയല്‍വാസികളുടെ ഉള്‍പ്പടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഈ സമയം തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛര്‍ദി രൂക്ഷമാകുകയും ചെയ്തിരുന്നു. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെ 12.5നാണ് മരണം സംഭവിക്കുന്നത്.