Tuesday, May 14, 2024
keralaNews

കാറും സ്വകാര്യബസും കൂട്ടിയിടിച്ച് ഒരു മരണം

മലപ്പുറം ഹാജിയാര്‍പള്ളി കോല്‍മണ്ണയില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു ഒരു മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. മമ്പാട് സ്വദേശി മജീദ് (42) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്തിരുന്ന മമ്പാട് സ്വദേശി റഹൂഫ് ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെ 11.30 ഓടെയാണ് സംഭവം.മലപ്പുറം ഭാഗത്തേയ്ക്ക് പോകുകയായിരിന്ന സ്വിഫ്റ്റ് കാറും പരപ്പനങ്ങാടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തെറ്റായ വശത്തിലൂടെ വന്ന കാര്‍ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു. യാത്രക്കാരെ സ്റ്റോപ്പില്‍ ഇറക്കി ഉടനെ മുന്നോട്ട് എടുത്ത ബസ് കാറിന്റെ വരവ് കണ്ട് നിര്‍ത്തി നല്‍കിയെങ്കിലും നിയന്ത്രണം വിട്ട് ബസിന്റെ മുന്‍ ഭാഗത്തു ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണ്ണമായി തകര്‍ന്നിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മജീദ് മരണപ്പെടുകയായിരുന്നു. ഗുരുതര പരിക്ക് പറ്റിയ റഹൂഫിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മജീദിന്റെ മൃതദേഹം മലപ്പുറം താലൂക്ക് ആശുപ്പത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് നടപടികള്‍ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.