Saturday, May 18, 2024
keralaNews

കരമനയാറ്റില്‍ കൂട്ടത്തോടെ മീനുകള്‍ ചത്ത് പൊങ്ങി.

തിരുവനന്തപുരം കരമനയാറ്റില്‍ മീനുകള്‍ കൂട്ടത്തോടെ ചത്ത് പൊങ്ങിയതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡും ഫിഷറീസ് വകുപ്പും പരിശോധന തുടങ്ങി. മേയറുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. മീനുകള്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം പരിശോധനയില്‍ വ്യക്തമായേക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. കഴിഞ്ഞ ഒരാഴ്ചയായി കരമനയാറിന്റെ തീരത്ത് വെളളത്തിലാകെ എണ്ണ കലര്‍ന്ന പാടയും നിറവ്യത്യാസവും കാണാം. പുഴുവരിച്ച് ദുര്‍ഗന്ധം പരത്തി പൊന്തുന്ന മീന്‍കൂട്ടത്തിനിടയില്‍ മൂക്കുപൊത്തുകയാണ് നാട്ടുകാര്‍. പരാതി ശക്തമായതോടെയാണ് സംഭവത്തില്‍ മേയറുടെ ഇടപെടലുണ്ടാകുന്നത്. മേയര്‍ ആര്യാ രാജേന്ദ്രനും ഫിഷറീസ്, മലിനീകരണ നിയന്ത്രണബോര്‍ഡ് വകുപ്പുകളിലെ ഉദ്യേഗസ്ഥരുമടക്കം സ്ഥലത്തെത്തി പരിശോധന നടത്തി.പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ മീന്‍ ചത്തൊടുങ്ങുന്നതിന്റെ കാരണം വ്യക്തമാകൂവെന്ന് മേയര്‍ അറിയിച്ചു. തലസ്ഥാനത്തെ പ്രധാനകുടിവെളള സ്രോതസുകൂടിയാണ് കരമനയാര്‍. പക്ഷേ അലക്കാനോ കുളിക്കാനോ പോലും ആരുമിവിടേക്കെത്താത്ത അവസ്ഥയാണ്.