Thursday, May 9, 2024
keralaNews

കനത്ത മഴയെ തുടര്‍ന്ന് കൂട്ടിക്കല്‍ മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍

കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ കനത്ത മഴയെ തുടര്‍ന്ന് മേഖലയില്‍ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി.ഇടുക്കി ജില്ലയിലെ ഉറുമ്പിക്കര പ്രദേശത്ത് ഉരുള്‍പൊട്ടിയതായും സംശയമുണ്ട്. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.ചപ്പാത്തിന് മുകളിലൂടെ ശക്തിയായി വെള്ളം ഒഴുകുകയാണ്. പുല്ലകയാറിലും മലവെള്ളപ്പാച്ചിലുണ്ട്. പുല്ലകയാറിന്റെ തീരത്തുള്ള ആളുകള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് വൈകുന്നേരം മുതല്‍ തുടങ്ങിയ മഴയാണ് പ്രദേശത്ത് ഇപ്പോഴും തുടരുന്നത്.അതേസമയം ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അഞ്ച് സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 4008 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കുന്നത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.