Saturday, May 18, 2024
keralaNewspolitics

ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കും: എസ്എഫ്ഐയെ തള്ളി മുഖ്യമന്ത്രിയും സിപിഎമ്മും

ബത്തേരി: വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐയെ തള്ളി സിപിഎമ്മും മുഖ്യമന്ത്രിയും.

പ്രതിഷേധം അക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.                                                                   

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണിത്.

എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നതാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എസ്എഫ്ഐയുടെ അക്രമത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും തള്ളി.

പാര്‍ട്ടി അറിയാത്ത സംഭവമാണ് സമരമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ഓഫീസിലേക്ക് മാര്‍ച്ച് നടത്തേണ്ട ആവശ്യമില്ലെന്നും എന്താണ് നടന്നതെന്ന് അറിയില്ലെന്നും ഇക്കാര്യം പരിശോധിച്ചു പറയാമെന്നും ഇപി ജയരാജന്‍ പറഞ്ഞു.                                                   

വിഷയം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു. എസ്എഫ്ഐ ഏറ്റെടുക്കേണ്ട സമരമോ സമരരീതിയോ അല്ലെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി.

ബഫര്‍ സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ ഓഫീസിലേക്ക് എസ്എഫ്ഐ മാര്‍ച്ച് നടത്തിയത്.

ഓഫീസിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. അതേസമയം എസ്എഫ് ആക്രമണത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി.