Sunday, April 28, 2024
keralaNews

ഓണക്കിറ്റ് വിതരണം ഭക്ഷ്യവകുപ്പിന്റെ നിര്‍ദ്ദേശം വിവാദമാകുന്നു.

കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് മുതല്‍ ആരംഭിച്ചിട്ടുണ്ട്. അതിനിടെ ഭക്ഷ്യവകുപ്പിന്റെ ഒരു നിര്‍ദ്ദേശമാണ് വിവാദമാകുന്നത്. പ്രമുഖരെ ഉള്‍പ്പെടുത്തി എല്ലാ റേഷന്‍ കടകളിലും ഓണക്കിറ്റ് വിതരണം നടത്തിയതിന്റെ ഫോട്ടോ എടുക്കണമെന്നും പോസ്റ്റര്‍ പതിക്കണമെന്നുമാണ് നിര്‍ദ്ദേശം.എട്ടരയ്ക്ക് എല്ലാ കടകളിലും ഉദ്ഘാടനം നടത്തണം. എംപി, എംഎല്‍എ അല്ലെങ്കില്‍ പഞ്ചായത്ത് അംഗം വരെയുള്ള പ്രമുഖര്‍ ആരെയെങ്കിലും ഉദ്ഘാടകനാക്കണം. പോസ്റ്റര്‍ ഒട്ടിച്ചതിന് മുന്നില്‍ കിറ്റ് നല്‍കുന്ന ഫോട്ടോ എടുത്ത് ഉദ്യോഗസ്ഥരുടെ വാട്സ് അപ്പ് ഗ്രൂപ്പിലിടണം. തെരഞ്ഞെടുത്ത ഫോട്ടോക്ക് പാരിതോഷികം നല്‍കാം, എന്നിങ്ങനെ നീളുന്നു നിര്‍ദ്ദേശം.

ഭക്ഷ്യവകുപ്പ് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കില്ലെന്ന് ഒരു വിഭാഗം റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഭക്ഷ്യമന്ത്രി ജി. ആര്‍ അനില്‍ നിര്‍വ്വഹിച്ചിരുന്നു.എന്നാല്‍ കൊറോണ പ്രതിസന്ധികാലത്തെ ഉദ്ഘാടനം അനാവശ്യ ധൂര്‍ത്താണെന്നാണ് ഉയരുന്ന ആക്ഷേപം. സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഭക്ഷ്യമന്ത്രിയുമെത്തി. ഉദ്ഘാടനം നടത്താന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സുതാര്യത ഉറപ്പാക്കാനാണ് പ്രമുഖരെ പങ്കെടുപ്പിക്കണമെന്ന് പറഞ്ഞതെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ വ്യക്തമാക്കി.