Friday, May 17, 2024
indiaNews

ഒരു പൗരന്‍ എന്ന നിലയില്‍ ഞാന്‍ നിങ്ങളോട് നന്ദിപറയുന്നു: ശങ്കര്‍ മഹാദേവന്‍

നാഗ്പൂര്‍: എല്ലാ സൃഷ്ടികള്‍ക്കും സുഖം ഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്ന ഏക സംസ്‌കാരമാണ് ഭാരതത്തിലേതെന്ന് ശങ്കര്‍ മഹാദേവന്‍. നാഗ്പൂരില്‍ ആര്‍എസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ഭാരതീയരും അവരവരുടെ മേഖലകളില്‍ പ്രതിഭ തെളിയിച്ച് നമ്മുടേതായ സംഭാവന രാഷ്ട്ര വളര്‍ച്ചയ്ക്കായി സമ്മാനിക്കണം. ഒരു ഗായകന്‍ എന്ന നിലയില്‍ ഇവിടെയുള്ള സംഗീതത്തെ ലോകത്തിന് മുന്നില്‍ എത്തിക്കാനാണ് താന്‍ കാലാകാലങ്ങളായി ശ്രമിക്കുന്നത്. അതാണ് കര്‍ത്തവ്യമായി താന്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.ഗാനത്തിന് മാത്രമല്ല ലോകത്തിലെ എല്ലാ കാര്യത്തിനും ഒരു താളമുണ്ട്. അത്തരത്തില്‍ ഭാരതത്തെ ഒരു ഗാനമായി സങ്കല്‍പ്പിച്ചാല്‍ അതിലെ രാഗമാണ് സ്വയംസേവകരെന്നും ശങ്കര്‍മഹാദേവന്‍ പറഞ്ഞു. രാജ്യത്തിന് എന്ത് ആപത്ത് വന്നാലും എന്ത് അപകടം സംഭവിച്ചാലും അത് പരിഹരിക്കാനും അവിടെ സഹായം എത്തിക്കാനും നിങ്ങള്‍ നിശബ്ദരായി അവിടെക്കാണും. അഖണ്ഡ ഭാരതം എന്ന സങ്കല്‍പ്പത്തേയും നമ്മുടെ സംസ്‌കാരത്തെയും സംരക്ഷിക്കുന്നതില്‍ നിങ്ങള്‍ക്കും അപ്പുറം വേറെ ആരെയും ഈ രാജ്യത്ത് കാണാന്‍ സാധിക്കില്ല. അതിനാല്‍ ഒരു പൗരന്‍ എന്ന നിലയില്‍ ആര്‍എസ്എസിനോട് നന്ദി അറിയിക്കാന്‍ ഈ അവസരം ഉപയോഗിക്കുകയാണെന്നും ശങ്കര്‍ മഹാദേവന്‍ പറഞ്ഞു. ഭാരത്തിന്റേതായ എല്ലാ മുഖമുദ്രയേയും പ്രോത്സാഹിപ്പിക്കണം എന്ന അഭിപ്രായമുള്ള വ്യക്തിയാണ് താന്‍. ഈ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ തനിക്ക് ദര്‍ശിക്കാന്‍ സാധിച്ചതും അത് തന്നെയാണ്. മാര്‍ച്ചിംഗ് ബാന്‍ഡുകള്‍ വളരെ മനോഹരമായാണ് ഭാരതീയ ഗാനങ്ങളെ ഇവിടെ അവതരിപ്പിച്ചത്. ഈ ചരിത്ര മുഹൂര്‍ത്തത്തിലേക്ക് എന്നെ ക്ഷണിച്ചതിന് നന്ദി അറിയിക്കുന്നു. പരിപാടിയില്‍ കണ്ട അച്ചടക്കവും സര്‍സംഘചാലകിന്റെ ലാളിത്യവും തന്നെ ആശ്ചര്യപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു.