Tuesday, May 14, 2024
keralaNews

കാളകെട്ടിയുടെ ‘നന്ദികേശന്‍’ ഇനി ഓര്‍മ്മ.

കാളകെട്ടിയുടെ നന്ദികേശന്‍ ഇനി ഓര്‍മ്മ. ശബരിമലയിലേക്കുള്ള പരമ്പരാഗത കാനനപാതയിലെ കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രത്തില്‍ ഇനി നന്ദികേശനുണ്ടാകില്ല. ദഹനസംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മനുഷ്യരുടേതുപോലെ തന്നെ മരണാനന്തര കര്‍മ്മങ്ങള്‍ ഏറ്റുവാങ്ങിയാണ് കാളക്കൂറ്റന് ഗ്രാമം വിട നല്‍കിയത്. നാടിനെ മുഴുവന്‍ ദുഃഖത്തിലാക്കിയാണ് നന്ദികേശന്‍ വിടപറഞ്ഞത്.

തൊഴുത്തിന്റെ മേല്‍ക്കൂര പൊളിച്ച ശേഷമാണ് കര്‍മസ്ഥലം തയ്യാറാക്കിയത്. കര്‍മ്മിയുടേയും സഹകര്‍മ്മിയുടേയും നേതൃത്വത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിച്ചു. മാവിന്‍വിറക്, ചിരട്ട തുടങ്ങിയവ ഉപയോഗിച്ചാണ് ദഹിപ്പിച്ചത്. മരണത്തിന്റെ ആറാം ദിവസം പാളയില്‍ ചാരമെടുത്ത് കുടത്തില്‍ സൂക്ഷിക്കും. 16-ാം ദിവസം ചിതാഭസ്മം അഴുതയാറ്റില്‍ നിമഞ്ജനം ചെയ്യും.

അയ്യപ്പ ഭഗവാന്റെ വരവുകാത്ത് പരമശിവന്‍ കാളപ്പുറത്ത് എത്തിയെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രമാണ് കാളകെട്ടി ശിവപാര്‍വ്വതി ക്ഷേത്രം. 12 വര്‍ഷം മുന്‍പാണ് കാളകെട്ടിയിലേക്ക് നന്ദികേശന്‍ എത്തുന്നത്. സന്താനലബ്ധിയ്ക്ക് വേണ്ടി ചെങ്ങന്നൂര്‍ സ്വദേശി പ്രസാദാണ് കാളക്കിടാവിനെ ക്ഷേത്രത്തിന്റെ നടക്കിരുത്തിയത്. നാട്ടുകാര്‍ കാളയ്ക്ക് നന്ദികേശന്‍ എന്ന് പേരിട്ടു.

എരുമേലി നിന്ന് പരമ്പരാഗത പാതയിലൂടെ ശബരിമലയിലേക്ക് പോകുന്ന തീര്‍ത്ഥാടകര്‍ നന്ദികേശനെ കാണാനെത്തുമായിരുന്നു. നന്ദികേശന്റെ സംരക്ഷണം തദ്ദേശവാസിയായ വള്ളിപ്പറമ്പില്‍ സുലോചനയുടെ നേതൃത്വത്തിലായിരുന്നു. മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ ചെങ്ങന്നൂര് നിന്നും പ്രസാദും എത്തിയിരുന്നു.