Saturday, April 27, 2024
HealthkeralaNews

ഐബിസ് ഫിറ്റ്‌നസ് സെന്ററിനെതിരെ കേസ്

ആലുവ സ്വദേശിയുടെ പരാതിയിലാണ് ഇടപ്പള്ളിയിലെ ഐബിസ് ഫിറ്റ്‌നസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ഉള്‍പ്പെടെ ഏഴ് ജീവനക്കാര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 50 ദിവസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയാല്‍ വിദേശ രാജ്യങ്ങളില്‍ ഫിറ്റ്‌നസ് ട്രെയിനിങ്ങിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നായിരുന്നു വാഗ്ദാനം, തുടക്കത്തില്‍ 10000 രൂപ അടച്ച് കോഴ്‌സിന് ചേര്‍ന്നവരില്‍ നിന്ന് ഒരു ലക്ഷത്തിലേറെ രൂപ പലതവണയായി കൈപറ്റി. തട്ടിപ്പ് മണത്തത് കോഴ്‌സ് പൂര്‍ത്തിയാവുന്ന വേളയില്‍ നടത്തിയ പരീക്ഷയോടെയാണ്. തോറ്റവരില്‍ പലരും പരീക്ഷയെഴുതാന്‍ വീണ്ടും പണം മുടക്കേണ്ടിവന്നു. ഒന്നല്ല പലതവണ. സ്ഥാപനത്തിനെതിരെ കൂടുതല്‍ പരാതികള്‍ വന്നതോടെയാണ് വിദേശ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ സ്ഥാപനത്തിന് അര്‍ഹതയുണ്ടോ എന്ന് വിദ്യാര്‍ഥികള്‍ പരിശോധിച്ചത്.

പിന്നാലെ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് കണ്ടെത്തി. തട്ടിപ്പ് ബോധ്യമായവര്‍ കൊച്ചി ഡെപ്യൂട്ടി കമ്മിഷണര്‍ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. പിന്നാലെയാണ് കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. യുവതികളടക്കമുള്ള സ്ഥാപനത്തിലെ ജീവനക്കാര്‍ക്കെതിരെ വഞ്ചനാ കുറ്റത്തിനും, വ്യാജരേഖകള്‍ ചമച്ചതിനുമടക്കമാണ് കേസ്.