Monday, May 13, 2024
keralaNews

എറണാകുളം ജില്ലാ പഞ്ചായത്ത് പി.ആര്‍. ശ്രീജേഷിന് 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ടോക്യോ ഒളിപിക്സ് ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ മലയാളി ഗോള്‍കീപ്പര്‍ പി.ആര്‍. ശ്രീജേഷിന് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് എറണാകുളം ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിലാണ് ജില്ലാ പ്രസിഡന്റ് ഉല്ലാസ് തോമസിന്റെ പ്രഖ്യാപനം.ഒളിംപിക്സ് മെഡല്‍ നേടിയിട്ടും കേരളം ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമര്‍ശനം നേരിടുന്നതിനിടെയാണ് എറണാകുളം ജില്ലാ പഞ്ചായത്ത് പാരിതോഷികം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. ഒളിംപിക്സ് മെഡലുകള്‍ക്ക് പിന്നാലെ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ശ്രീജേഷിനെ കേരളം അവഗണിക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ശ്രീജേഷ് ഇന്ന് വൈകിട്ട് കൊച്ചിയിലെത്തും.നാലു പതിറ്റാണ്ടു പിന്നിട്ട കാത്തിരിപ്പിന് വിരാമമിട്ട് ഹോക്കിയില്‍ ഇന്ത്യയ്ക്ക് ഒളിപിക് മെഡല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി ഗോള്‍കീപ്പറാണ് പി.ആര്‍. ശ്രീജേഷ്. ടോക്കിയോയില്‍ ജര്‍മനിക്കെതിരായ വെങ്കല മെഡല്‍ വിജയത്തില്‍ ഇന്ത്യയുടെ വന്മതിലായ ശ്രീജേഷിന്റെ മിന്നും പ്രകടനമായിരുന്നു.