Wednesday, May 15, 2024
keralaNews

എരുമേലിയിൽ ദേവസ്വം ബോര്‍ഡിന്റെ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം 18 ന് 

എരുമേലി:ശബരിമല തീർത്ഥാടനകേന്ദ്രമായ എരുമേലിയിൽ തീർഥാടകർക്കായി നിർമ്മിക്കുന്ന  ദേവസ്വം ബോര്‍ഡിന്റെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനം ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിക്കുമെന്ന്  സ്വാഗത സംഘം പ്രതിനിധികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.18 ന് രാവിലെ പത്ത് മണിക്ക്  ദേവസ്വം ഹാളിൽ  നടക്കുന്ന ചടങ്ങിൽ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ അധ്യക്ഷത വഹിക്കും.ചടങ്ങിൽ ദേവസ്വം ബോർഡ് പ്രതിനിധികൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പങ്കെടുക്കും.കേന്ദ്ര സർക്കാരിന്റെ ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയ ശബരിമല ഇടത്താവളം വികസന പദ്ധതികളുടെ ഭാഗമായി 15 കോടി രൂപയുടെ  പദ്ധതിയാണ് എരുമേലി വലിയ അമ്പലത്തിന് സമീപം നിർമ്മിക്കുന്നത്.ചെന്നൈ കേന്ദ്രമായുള്ള സർക്കാർ ഏജൻസിയാണ് പദ്ധതിയുടെ  നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.
മൂന്ന് നിലകളിലായി വിവിധ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.പാർക്കിംഗ്, ഡോർമെറ്ററി റൂംസ്,ശൗചാലയം,ഹാൾ, മെസ്,16 മുറികൾ തുടങ്ങിയവയാണ് ഒരുക്കിയിരിക്കുന്നത്.ഒരു വർഷത്തിനുള്ളിൽ പൂർത്തീകരിക്കാൻ സാധിക്കുമെന്നും ഇവർ പറഞ്ഞു.ശബരി എരുമേലി വിമാനത്താവള പദ്ധതിക്കായി 30 കോടി രൂപ അനുവദിച്ചതായി എം എൽ എ പറഞ്ഞു.എരുമേലി വില്ലേജ് ഓഫീസ് നിർമ്മാണം, . ഫയർ ഫോഴ്സ്, എക്സൈസ് വകുപ്പുകൾക്കായി ഓരുങ്കൽ കടവിൽ പഞ്ചായത്ത് വക സ്ഥലം  നൽകിയതായും അദ്ദേഹം പറഞ്ഞു.എരുമേലി റ്റി ബിയിൽ പുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉടനെ നിർവ്വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.എരുമേലി ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന പത്രസമ്മേളനത്തിൽ പൂഞ്ഞാർ എം എൽ എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോർജ് കുട്ടി,വൈസ് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി. എസ് കൃഷ്ണകുമാർ , പഞ്ചായത്ത് അംഗങ്ങളായ വി.ഐ അജി, പ്രകാശ് പള്ളിക്കൂടം, ഇ ജെ ബിനോയി, പൊതുപ്രവർത്തകനായ അനിയൻ എരുമേലി എന്നിവർ പങ്കെടുത്തു.