Monday, May 6, 2024
Local NewsNews

എരുമേലി പാക്കാനത്ത് കാട്ടാന ഓടിച്ച ഗൃഹനാഥന് പരിക്ക്

എരുമേലി: പാക്കാനത്ത് കാട്ടാന ഓടിച്ച ഗൃഹനാഥന് പരിക്ക്. പാക്കാനം മണിങ്ങാട്ട് പ്രസാദി (59) നാണ് പരിക്കേറ്റത് . എരുമേലി ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡായ പാക്കാനത്ത് ഇഞ്ചക്കുഴി ഭാഗത്ത് ഇന്നലെ വെളുപ്പിന് അഞ്ചു മണിയോടെയായിരുന്നു സംഭവം. ശല്യം പതിവായനെ തുടര്‍ന്ന് വെളുപ്പിനെ പ്രസാദും – സ്ഥലം ഉടമയായ വേമ്പേനിക്കല്‍ സിബിയുംചേര്‍ന്ന് കാട്ടാനയെ ഓടിക്കുകയായിരുന്നു.
കാട്ടാന ഓടിച്ചു മടങ്ങുന്നതിനിടെ, വനത്തിലേക്ക് പോയ കാട്ടാന ഇവര്‍ക്ക് നേരെ ഓടി വരികയായിരുന്നു. ആന വരുന്നത് കണ്ട് ഭയന്ന് ഓടുന്നതിനിടയാണ് കയ്യാലയില്‍ നിന്നും വീണ് പ്രസാദിന് പരിക്കേറ്റത്. കയ്യാലയില്‍ നിന്നും താഴെ വീണ് കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഓടാനാകാതെ വന്നതോടെ കയ്യാല ചുവട്ടില്‍ പ്രസാദ് കിടക്കുകയായിരുന്നു . കയ്യാലയ്ക്ക് മുകളില്‍ അല്പം ദൂരത്തായി എത്തിയ കാട്ടാന പിന്നീട് തിരികെ വനത്തിലേക്ക് പോകുകയും ചെയ്തു. കാട്ടാന വനത്തിലേക്ക് പോയതിനുശേഷമാണ് പ്രസാദ് സ്ഥലത്തുനിന്നും എഴുന്നേറ്റ് പോയത്. പരിക്കേറ്റ പ്രസാദ് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തെ തുടര്‍ന്ന് എരുമേലി ഫോറസ്റ്റ്, കോട്ടയം ഡി എഫ് ഒയും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. ശബരിമല വനമേഖലയ കാളകെട്ടി വനാതിര്‍ത്ഥിയോട് ചേര്‍ന്നുള്ള ഇഞ്ചക്കുഴി ഭാഗത്തു നിന്നാണ് കാട്ടാനകള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങി വരുന്നത്. കഴിഞ്ഞദിവസം ഇരുമ്പൂന്നിക്കര വനാതിര്‍ത്തി മേഖലയില്‍ 3 കര്‍ഷകരുടെ ആയിരത്തോളം ഏത്തവാഴകളാണ് കാട്ടാന നശിപ്പിച്ചത്. മേഖലയില്‍ കാട്ടാനകളുടെ ശല്യം രൂക്ഷമാണെന്നും അധികൃതര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സോളാര്‍ കമ്പിവേലികള്‍ ഇല്ലാത്ത മേഖലയില്‍ അടിയന്തരമായി വേലികള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇരുമ്പൂന്നിക്കര , കോയിക്കക്കാവ് , ഇഞ്ചക്കുഴി, പാക്കാനം , കണ്ണിമല , മൂക്കംപ്പെട്ടി മേഖലകളില്‍ കാട്ടാനകളുടെ സാന്നിധ്യം കൂടുതലാണെന്നും ഇക്കാര്യത്തില്‍ അടിയന്തര നടപടി വനം വകുപ്പ് സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.