Wednesday, May 15, 2024
keralaLocal NewsNews

എരുമേലി പഞ്ചായത്ത് അവിശ്വാസം;സ്വതന്ത്ര അംഗത്തിന്റെ പിന്തുണ വേണമെങ്കില്‍ ആ ‘കരാര്‍ ‘നടപ്പാക്കണം.

എരുമേലി: 200 രൂപ മുദ്രപത്രത്തില്‍ എഴുതികൊടുത്ത ആ ‘കരാര്‍ നടപ്പാക്കിയാല്‍ മാത്രമേ എരുമേലി ഗ്രാമ പഞ്ചായത്ത് അവിശ്വാസത്തിന് സ്വതന്ത്ര അംഗത്തിന്റെ പിന്തുണ ലഭിക്കുകയൊള്ളൂ.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ 12 അംഗങ്ങളുമായി അധികാരത്തില്‍ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു യുഡിഎഫ്. സ്വതന്ത്ര അംഗവുമായുള്ള കരാറില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥകളെല്ലാം അംഗീകരിച്ച് മുദ്രപത്രത്തില്‍ ജില്ല പ്രസിഡന്റ് എഴുതി നല്‍കി.എന്നാല്‍ നിയമസഭ നിരഞ്ഞെടുപ്പില്‍ യുഡിഎഫ് വമ്പന്‍ പരാജയം ഏറ്റുവാങ്ങിയതോടെ എല്ലാം തകിടം മറിയുകയുകയായിരുന്നു.യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുന്നതോടെ നിരവധി പദ്ധതികളാണ് കരാറില്‍ ഉണ്ടായിരുന്നത്എന്നാല്‍ കെപിസിസി ജനറല്‍ സെക്രട്ടറി അംഗീകരിച്ച ഈ കരാര്‍ നടപ്പാക്കാന്‍ കഴിയാത്തതിന്റെ അനിശ്ചിതത്വമാണ് എരുമേലി ഗ്രാമ പഞ്ചായത്തിന്റെ അവിശ്വാസ പ്രമേയത്തിന് തിരിച്ചടിയായിരിക്കുന്നത്.

കരാറിലെ പ്രധാന വ്യവസ്ഥകള്‍

1. അഞ്ച് വര്‍ഷം വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കുക.
2. സ്വതന്ത്ര അംഗം ഉള്‍പ്പെടെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയവരെ തിരിച്ചെടുക്കുക.
3. തിരിച്ചെടുക്കുന്നവര്‍ക്ക് കോണ്‍ഗ്രസിന്റെതടക്കം വിവിധ പോഷക സംഘടനകളില്‍ ജില്ല -മണ്ഡലം ഭാരവാഹിത്വം നല്‍കുക.
4. പഞ്ചായത്തംഗങ്ങളുടെ വാര്‍ഡുകളിലെ വികസനത്തിനായി ലഭിക്കുന്ന ഫണ്ടില്‍ 10 % അധികം നല്‍കുക
5.പഞ്ചായത്തില്‍ താത്ക്കാലികമായി വരുന്ന നിയമനങ്ങളില്‍ വാര്‍ഡിലുള്ളവരെ ആദ്യം പരിഗണിക്കണം.
6. വാര്‍ഡില്‍ ഫാമിലി വെല്‍ഫയര്‍ സെന്റര്‍ സ്ഥാപിക്കുകയടക്കം വരുന്ന കരാറാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് പിന്തുണ നല്‍കുന്ന സ്വതന്ത്ര അംഗവുമായി കോണ്‍ഗ്രസ് ജില്ല നേതൃത്വം ഉണ്ടാക്കിയത്.

എന്നാല്‍ എല്ലാ പ്രതീക്ഷകളും അട്ടിമറിച്ചാണ് കൈയ്യില്‍ വന്ന ഭരണം ഒരംഗത്തിന്റെ അശ്രദ്ധ കൊണ്ട് നഷ്ടമായത്.കരാര്‍ സംബന്ധിച്ച് ചര്‍ച്ച
ചെയ്ത് തീരുമാനമെടുക്കാന്‍ കെ പി സി സി അധ്യക്ഷന്‍ കെ. സുധാകരന്‍ അടിയന്തിര നിര്‍ദ്ദേശം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കെപി സി സി ജനറല്‍ സെക്രട്ടറി അഡ്വ. റ്റോമി കല്ലാനി -സ്വതന്ത്ര അംഗവുമായി ചര്‍ച്ചകളും നടത്തി വരുകയാണ്. എന്നാല്‍ കോണ്‍ഗ്രസിലെ പഞ്ചായത്തംഗങ്ങളോ -മറ്റ് നേതാക്കളോ അവിശ്വാസം സംബന്ധിച്ച് പ്രതികരിക്കാന്‍ തയ്യാറാകുന്നുമില്ല.എന്നാല്‍ എരുമേലി കോണ്‍ഗ്രസിലെ നേതാക്കളെ വിശ്വാസമില്ലാത്ത ജില്ല – സംസ്ഥാന നേതൃത്വം അവിശ്വാസത്തിന്റെ കാര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് സാധ്യത.കരാര്‍ അംഗീകരിച്ച് അവിശ്വാസം കൊണ്ടുവന്നാല്‍ പോലും പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച് തീരുമാനമെടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി ഉണ്ടാകും.
പമ്പാവാലി അംഗം മറിയാമ്മ സണ്ണി, ഉമ്മിക്കുപ്പ അംഗം ജിജിമോള്‍ സജി എന്നിവരെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.എന്നാല്‍
പൊര്യന്‍മല വാര്‍ഡംഗവും പ്രസിഡന്റ് സ്ഥാനം വേണമെന്നാവശ്യപ്പെട്ട് രംഗത്തെത്താനാണ് സാധ്യത . കരാര്‍ സംബന്ധിച്ച് ആദ്യമായാണ് വിവരങ്ങള്‍ പുറത്താകുന്നത്.

ഘടക കക്ഷികള്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസ് ഒറ്റക്ക് ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതിനെതിരെ വ്യാപകമായ പ്രതിഷേധവും ദുരൂഹതകളുമാണുയര്‍ന്നിരുന്നത്.പഞ്ചായത്ത് അവിശ്വാസം സംബന്ധിച്ച് ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി കെ പി സി സി സെക്രട്ടറി അഡ്വ. പി എ സലിം പറഞ്ഞു. എന്നാല്‍ സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെ അവിശ്വാസത്തിന് നോട്ടീസ് നല്‍കിയാല്‍ പോലും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസം കാലാവധിയാണ് ഉണ്ടാകുന്നത്.ഇതിനുള്ളില്‍ പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. അവിശ്വാസത്തെ നേരിടാനുള്ള ശ്രമങ്ങള്‍ ഭരണ കക്ഷിയും തുടങ്ങിക്കഴിഞ്ഞു.കോണ്‍ഗ്രസ് ഒറ്റക്കെട്ടായി വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും വീണ്ടും നാണം കെടാനില്ലെന്നും സ്വതന്ത്ര അംഗം ബിനോയ് ഇലവുങ്കല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.