Saturday, April 27, 2024
educationindiaNews

പിഎച്ച്ഡി പ്രവേശനം: യുജിസി മാനദണ്ഡങ്ങള്‍ പരിഷ്‌ക്കരിച്ചു

ദില്ലി:പിഎച്ച്ഡി പ്രവേശനത്തിനുള്ള മാനദണ്ഡങ്ങള്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി) പരിഷ്‌ക്കരിച്ചു. ഇനി മുതല്‍ നെറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് സര്‍വകലാശാലകളുടെ എന്‍ട്രന്‍സ് പരീക്ഷ ഇല്ലാതെ പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം.

ഇതുസംബന്ധിച്ച വിശദമായ ഉത്തരവും യുജിസി പുറത്തിറക്കി. നേരത്തെ നെറ്റിന് പുറമെ ജെആര്‍എഫ് കൂടി ലഭിച്ചവര്‍ക്ക് മാത്രമായിരുന്നു നേരിട്ട് ഗവേഷണത്തിന് പ്രവേശനം അനുവദിച്ചിരുന്നത്. ജെആര്‍എഫ് ഇല്ലാത്തവര്‍ക്ക് എന്‍ട്രസ് പരീക്ഷ എഴുതിയാലെ പിഎച്ച്ഡിക്ക് പ്രവേശനം ലഭിച്ചിരുന്നുള്ളു. ഇനി നെറ്റ് പാസായി നിശ്ചിത കട്ട്ഓഫ് മാര്‍ക്ക് നേടിയവര്‍ക്ക് പിഎച്ച്ഡിക്ക് നേരിട്ട് പ്രവേശനം നേടാനാകും.

എല്ലാ സര്‍വകലാശാലകളും പുതിയ നിര്‍ദേശം നടപ്പാക്കണമെന്ന് യുജിസി ഉത്തരവില്‍ വ്യക്തമാക്കി. ഈ പരിഷ്‌കാരത്തോടെ യുജിസി നെറ്റ് സകോര്‍ ഗവേഷണത്തിനുള്ള അടിസ്ഥാന യോഗ്യതയായി മാറും. പിഎച്ച്ഡി പ്രവേശനത്തിന് ഒന്നിലധികം ഒന്നിലധികം എന്‍ട്രസ് പരീക്ഷ എഴുതേണ്ട സാഹചര്യം ഇതുവരെയുണ്ടായിരുന്നു. പിഎച്ച്ഡി പ്രവേശനത്തിന് ദേശീയ തലത്തില്‍ ഒറ്റ എന്‍ട്രസ് പരീക്ഷ മാനദണ്ഡമാക്കുന്നതിന്റെ ഭാഗമായാണ് നെറ്റ് മാനദണ്ഡമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 2020ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിന്റെ ഭാഗമായി വിദഗ്ധ സമിതിയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ തീരുമാനം.

വര്‍ഷത്തില്‍ ജൂണ്‍, ഡിസംബര്‍ മാസങ്ങളിലായി രണ്ടു തവണയാണ് നെറ്റ് പരീക്ഷ നടക്കുന്നത്. പുതിയ പരിഷ്‌ക്കാരത്തോടെ സര്‍വകലാശാലകള്‍ നേരിട്ട് നടത്തുന്ന പി എച്ച് ഡി എന്‍ട്രന്‍സ് പരീക്ഷകള്‍ ഇല്ലാതെയാകുമെന്ന് അക്കാദമിക്ക് രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

2024 ജൂണ്‍ മുതല്‍ നെറ്റ് മാനദണ്ഡമാക്കി പ്രവേശനം അനുവദിക്കുന്ന കാര്യങ്ങള്‍

1.നെറ്റിനൊപ്പം ജെആര്‍എഫ് നേടുന്നവര്‍ക്ക് നേരിട്ട് പിഎച്ച്ഡി പ്രവേശനം

2.ജെആര്‍എഫ് ഇല്ലാതെ നെറ്റ് പാസായി അസിസ്റ്റന്റ് പ്രൊഫസറായുള്ള നിയമനം

3.നെറ്റ് മാത്രം പാസാകുന്നവര്‍ക്ക് അസിസ്റ്റന്റ് പ്രഫസര്‍ നിയമനത്തിനും പിഎച്ച്ഡി പ്രവേശനത്തിനും യോഗ്യത