Saturday, May 18, 2024
keralaNews

സ്വകാര്യ വ്യക്തിയുടെ ഭൂമി ഓഫീസ് സമയത്ത് അളക്കാനെത്തിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍

സ്വകാര്യ വ്യക്തിയുടെ ഭൂമി ഓഫീസ് സമയത്ത് അളക്കാനെത്തിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍. പാലക്കാട് പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജിലെ സ്പെഷ്യല്‍ വില്ലേജ് ഓഫിസര്‍ മുഹമ്മദ് ഗൗസിനെയാണ് വിജിലന്‍സ് പിടികൂടിയത്. ഇയാളുടെ പക്കലുണ്ടായിരുന്ന നാലായിരം രൂപ സ്വകാര്യ ഭൂവുടമയില്‍ നിന്നും കിട്ടിയതാണെന്ന് വില്ലേജ് ഓഫീസര്‍ ഉദ്യോഗസ്ഥരോട് സമ്മതിച്ചു.ജീവനക്കാര്‍ ഉച്ച കഴിഞ്ഞ് സ്വകാര്യവ്യക്തികളുടെ ഭൂമി അളന്ന് തിട്ടപ്പെടുത്തിക്കൊടുക്കുന്നതിനായി പോകുന്നുവെന്നും സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി ഓഫീസിലെത്തുന്നവരില്‍ നിന്ന് കൈക്കൂലി വാങ്ങുന്നുവെന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ പരിശോധന. പരിശോധന നടത്തുന്നതിനായി വില്ലേജ് ഓഫീസില്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയപ്പോള്‍ ഒരു ജീവനക്കാരന്‍ മാത്രമാണ് ഓഫീസിലുണ്ടായിരുന്നത്. ഇതിന് പിന്നാലെ അളവ് ടേപ്പും ഓഫീസ് രേഖകളുമായി സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ മുഹമ്മദ് ഗൗസ് ഓട്ടോറിക്ഷയില്‍ വന്നിറങ്ങുകയായിരുന്നു.ഓട്ടോക്കൂലി ഉള്‍പ്പെടെ അളവുകൂലി 3,500 രൂപയും കൂടാതെ മറ്റൊരാളില്‍ നിന്നും സ്‌കെച്ചിന് 500 രൂപയും വാങ്ങിയ തുകയാണ് കയ്യിലുള്ളതെന്ന് ഉദ്യോഗസ്ഥന്‍ കുറ്റസമ്മതം നടത്തി.ഇതിന് പുറമേ ഇരുപതോളം അപേക്ഷകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മുന്‍ഗണന അനുസരിച്ച് തെറ്റായ രീതിയില്‍ അപേക്ഷ തീര്‍പ്പാക്കിയതായും പരിശോധനയില്‍ കണ്ടെത്തി. പരിശോധനാ റിപ്പോര്‍ട്ട് തുടര്‍നടപടികള്‍ക്കായി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ നല്‍കുമെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.