Friday, May 17, 2024
keralaNews

എരുമേലിയില്‍ കൊച്ചു മാളികപ്പുറത്തെ അപമാനിച്ച സംഭവം; ശബരിമല സീസണ്‍ താല്ക്കാലിക കടകളിലെ ജോലിക്കാര്‍ക്ക് പിസിസി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണം

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലെ താത്ക്കാലിക കടകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും, ഹെല്‍ത്ത് കാര്‍ഡും അടിയന്തരമായി നല്‍കണമെന്ന് ഹൈന്ദവ സംഘടന നേതാക്കളായ വിശ്വഹിന്ദുപരിഷത്ത് എരുമേലി പ്രഖണ്ഡ് പ്രസിഡന്റ് എന്‍. ആര്‍ വേലുക്കുട്ടി, ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സെക്രട്ടറി മനോജ്. എസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇന്ന് രാവിലെ എരുമേലിയിലെ താത്ക്കാലിക ഹോട്ടല്‍ ജീവനക്കാരന്‍ കൊച്ചു മാളികപ്പുറത്തെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയായ ജീവനക്കാരന് പോലീസ് സര്‍ട്ടിഫിക്കറ്റോ, ഹെല്‍ത്ത് കാര്‍ഡോ ഇല്ലായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മറ്റുള്ളവര്‍ക്ക് കുറഞ്ഞ ശമ്പളം നല്‍കി അവരെ ജോലിക്ക് നിര്‍ത്തുകയാണ് ഹോട്ടലുടമകള്‍ ചെയ്യുന്നത്. വിവിധ കേസുകളില്‍ പ്രതിയായിട്ടുള്ള ഇവര്‍ക്ക് ഇടത്താവളമായി ഇത്തരത്തിലുള്ള ഹോട്ടലുകളും – കടകളും മാറുകയാണ്. ശബരിമല തീര്‍ത്ഥാടന പ്രധാന കേന്ദ്രമായ എരുമേലിയില്‍ നിരവധി കടകളാണ് ഇത്തരത്തിലുള്ളത്. ശബരിമല തീര്‍ത്ഥാടന അവലോകന യോഗങ്ങളില്‍ പൊലീസും ആരോഗ്യവകുപ്പും ജീവനക്കാര്‍ക്ക് ഇത്തരത്തിലുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമാണെന്ന് പറഞ്ഞിരുന്നുവെങ്കിലും തീര്‍ത്ഥാടനം ആരംഭിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നടപ്പിലാക്കാന്‍ സാധിച്ചില്ല. ശബരിമല തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ സീസണ്‍ കടകള്‍ ഇത്തരത്തില്‍ ഒരു ഒളിസങ്കേതമായി മാറുകയാണെന്ന് നേതാക്കള്‍ ആരോപിച്ചു.