Saturday, April 27, 2024
indiaNewspolitics

എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു.

സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണവിധേയനായതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കപ്പെട്ട എം.ശിവശങ്കറിനെതിരെ വകുപ്പുതല നടപടിക്ക് സര്‍ക്കാര്‍ തുടക്കമിട്ടു. ഇതിന്റെ ഭാഗമായി ശിവശങ്കറിന് കുറ്റാരോപണ മെമ്മോ നല്‍കി. നോട്ടീസിന് ശിവശങ്കര്‍ മറുപടി നല്‍കിയതായാണ് സൂചന. ക്രിമിനല്‍ കേസില്‍ അന്വേഷണം നടക്കുമ്പോള്‍
തന്നെ വകുപ്പുതല അന്വേഷണം നടത്തുന്നതിന് പ്രശ്‌നങ്ങളില്ലെന്ന് നേരത്തെ ഇതേക്കുറിച്ച് അന്വേഷിച്ച ചീഫ് സെക്രട്ടറി ഡോ.വിശ്വാസ മേത്തയും ധനവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിംഗും അടങ്ങിയ സമിതി സര്‍ക്കാരിനെ അറിയിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. ഐ.ടി സെക്രട്ടറി കൂടിയായിരുന്ന ശിവശങ്കറിന്റെ സ്വാധീനം ഉപയോഗിച്ചാണ് സ്വപ്ന സ്പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍സ് മാനേജരുടെ ജോലി നേടിയതെന്ന് സമിതി കണ്ടെത്തിയിരുന്നു. സ്പേസ് പാര്‍ക്കില്‍ മൂന്ന് തസ്തികളുടെ ഒഴിവുണ്ടായിട്ടും ഓപ്പറേഷന്‍സ് മാനേജരുടെ പോസ്റ്റ് മാത്രമാണ് കണ്‍സള്‍ട്ടന്‍സിയായ പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് വഴി നികത്തിയത്. മറ്റ് തസ്തികള്‍ ഐ.ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡില്‍ നിന്ന് വര്‍ക്ക് അറേഞ്ച്‌മെന്റില്‍ നികത്തുകയായിരുന്നു. മാത്രമല്ല, ശിവശങ്കറിന്റെ ഫോണ്‍ കോള്‍ രേഖകള്‍ പരിശോധിക്കണമെന്നും സമിതി സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.