Friday, May 17, 2024
keralaNewspolitics

എം എം മണിക്ക് മറുപടിയുമായി സിപിഐ നേതാവ് ആനിരാജ.

ദില്ലി: എം എം മണിക്ക് മറുപടിയുമായി സിപിഐ നേതാവ് ആനിരാജ. സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുകയാണ് തന്റെ ഉത്തരവാദിത്തമെന്ന് ആനി രാജ പറഞ്ഞു. ദില്ലിയിലായും വിദേശത്തായാലും അത് ചെയ്യും. കേരളം തന്റെ നാടാണ്. ആര്‍എസ്എസിന്റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നതെന്നും ആനി രാജ പറഞ്ഞു.’അവഹേളനം ശരിയോ എന്ന് മണിയെ ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കണം. കാലങ്ങളായി ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഡല്‍ഹിയില്‍ നടത്തുന്നത്. ഭീഷണിക്ക് വഴങ്ങില്ല. നരേന്ദ്ര മോദിയും അമിത് ഷായും നോക്കിയിട്ട് ഭീഷണിപ്പെടുത്താനായില്ല’ അവര്‍ പറഞ്ഞു.വാദങ്ങളില്‍ ജയിക്കാന്‍ ഒരു സ്ത്രീയുടെ ദുരന്തത്തെ ഉപയോഗപ്പെടുത്തുന്നത് അങ്ങേയറ്റം അപലപനീയമാണ്. കാലം മാറിയിരിക്കുന്നു. ഭാഷയിലും കാലാനുസൃതമായ മാറ്റം ഉണ്ടാകേണ്ടതാണ് എന്ന് നേതാക്കള്‍ തിരിച്ചറിയണമെന്നും ആനി രാജ  പറഞ്ഞു. ഇതിന് പിന്നാലെ ദില്ലിയിലുള്ള ആനി രാജയ്ക്ക് കേരള നിയമസഭയിലെ പ്രശ്‌നങ്ങളെ കുറിച്ച് ധാരണയില്ലല്ലോയെന്ന് മണി തിരിച്ചടിച്ചിരുന്നു.

ഇവിടെ ഒരു മഹതി സര്‍ക്കാരിന് എതിരെ പ്രസംഗിച്ചു. ആ മഹതി വിധവയായിപ്പോയി. അത് അവരുടെ വിധി. ഞങ്ങള്‍ ആരും ഉത്തരവാദികള്‍ അല്ല’- എന്നായിരുന്നു എംഎം മണിയുടെ നിയമസഭയിലെ വിവാദ പരാമര്‍ശം. എം എം മണിയെ ന്യായീകരിക്കുന്ന സമീപനമാണ് സിപിഎം സ്വീകരിച്ചത്. പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോഴും തന്റെ വാക്കുകളില്‍ ഉറച്ച് നില്‍ക്കുന്നെന്ന നിലപാടാണ് എം എം മണി സ്വീകരിച്ചത്. പരാമര്‍ശത്തില്‍ ഖേദമില്ലെന്ന് എംഎം മണി മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. രമ മുഖ്യമന്ത്രിയെ തേജോവധം ചെയ്യുകയാണെന്ന് ആരോപിച്ച എംഎം മണി, എന്റെ വാക്കുകളില്‍ രമക്ക് വേദന ഉണ്ടായെങ്കില്‍ ഞാന്‍ എന്ത് വേണമെന്നായിരുന്നു വാര്‍ത്താ സമ്മേളനത്തിന്റെ ഒരു ഘട്ടത്തില്‍ പ്രതികരിച്ചത്.