Wednesday, May 1, 2024
keralaNews

എംപിമാരും എംഎല്‍എമാരും പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ കേരളം പിന്‍വലിച്ചു.

എംപിമാരും എംഎല്‍എമാരും പ്രതികളായ 36 ക്രിമിനല്‍ കേസുകള്‍ ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ കേരളം പിന്‍വലിച്ചു. 2020 സെപ്തംബര്‍ 16നും 2021 ജൂലൈ 31നും ഇടയിലാണ് കേസുകള്‍ പിന്‍വലിച്ചത്. കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സോഫി തോമസാണ് ഇതുസംബന്ധിച്ച് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട 381 കേസുകളുടെ വിചാരണ പുരോഗമിക്കുകയാണെന്നും രജിസ്ട്രാര്‍ ജനറല്‍ സുപ്രീംകോടതിയെ അറിയിച്ചു.ക്രിമിനല്‍ നടപടി ചട്ടത്തിലെ 321ആം വകുപ്പ് പ്രകാരം തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് 16 ക്രിമിനല്‍ കേസുകളും, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാലില്‍ നിന്ന് 10 കേസ്സുകളുമാണ് ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചത്. തളിപ്പറമ്പ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് അഞ്ച് കേസുകളും, കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് നാല് കേസുകളും മാനന്തവാടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് ഒരു കേസും ഹൈക്കോടതിയുടെ അനുമതിയില്ലാതെ പിന്‍വലിച്ചിട്ടുണ്ട്.ഹൈക്കോടതിയുടെ അനുമതിയില്ലാതെ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസ്സുകള്‍ പിന്‍വലിക്കരുതെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞിരുന്നു. ഇങ്ങനെ പിന്‍വലിച്ച കേസുകളുടെ വിശദാംശങ്ങള്‍ കൈമാറാനും സുപ്രീംകോടതി ഹൈക്കോടതികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനപ്രതിനിധികള്‍ ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളുടെ നടപടികള്‍ സംബന്ധിച്ച വിവരങ്ങളും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.